ആര്യനാട്:മീനാങ്കൽ പന്നിക്കുഴിയിൽ മലവെള്ളപ്പാച്ചിലിൽ നഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാര നടപടി ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.മലവെള്ളം കയറിയ പ്രദേശങ്ങളും പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്ന മീനാങ്കൽ ട്രൈബൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.മലവെള്ളപ്പാച്ചിലിൽ മീനാങ്കൽ പന്നിക്കുഴി ഭാഗത്തെ ഒരു വീട് പൂർണ്ണമായും പതിനഞ്ചോളം വീടുകൾ ഭാഗികമായും തകർന്നു.എഴുപതോളം പേരെ മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ഇന്നലെ സ്ഥലത്തെത്തതിയ അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ക്യാമ്പിൽ റവന്യൂ പൊലീസ് അധികാരികളുടെയും ജനപ്രതിനിധികളുടെയും യോഗം എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി തന്നെ ചേർന്നിരുന്നു.യോഗത്തിനിടെ കളക്ടറുമായി ഫോണിൽ ബന്ധപെട്ട എം.എൽ.എ അടിയന്തര നഷ്ടപരിഹാരം നൽകുന്നതിനും നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും വേണ്ട നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടു.അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജു മോഹൻ,വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു രാജ്,ആര്യനാട് ഗ്രാമ പഞ്ചായത്തംഗം എം.എൽ.കിഷോർ,ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ,സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,പുറുത്തിപ്പാറ സജീവ്,മറ്റ് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.