മേയറെ തടയാൻ വഴിതടഞ്ഞ് പ്രതിപക്ഷ കൗൺസിലർമാർ
തിരുവനന്തപുരം: നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളായ ജീവനക്കാരെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ ചേർന്ന കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങളും സംഘർഷവും. നിലത്തുകിടന്ന് പ്രതിഷേധിച്ച ബി.ജെ.പി വനിതാ കൗൺസിലർമാരെ മറികടന്നെത്തിയ മേയർ 10 മിനിട്ടിനുള്ളിൽ അജൻഡ പാസാക്കിയതായി പ്രഖ്യാപിച്ച് കൗൺസിൽ യോഗം അവസാനിപ്പിച്ചു. പൊലീസ് സാന്നിദ്ധ്യത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതിരോധത്തെ മറികടന്ന് മേയർ ഡയസിലെത്തിയത്. മേശയിൽ കയറിക്കിടന്നും മുദ്രാവാക്യം മുഴക്കിയും ബി.ജെ.പി അംഗങ്ങളും പ്ലക്കാർഡുകളും ബോർഡുകളുമുയർത്തി കോൺഗ്രസ് അംഗങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ കൗൺസിൽ യോഗം പൂർണമായും ബഹളത്തിൽ മുങ്ങി.
മേയർ ആര്യാ രാജേന്ദ്രനും ഭരണകക്ഷി അംഗങ്ങളും കൗൺസിൽ ഹാളിലെത്തുന്നത് തടയാൻ ബി.ജെ.പിയുടെ വനിതാ അംഗങ്ങൾ ഹാളിന്റെ പ്രവേശന കവാടത്തിൽ കിടന്നു. മേയറുടെ ചേംബറിന്റെ മുന്നിലും ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളുടെ സമീപവും രണ്ടുവീതം വനിതാ അംഗങ്ങൾ പ്രതിഷേധിച്ചു. പല വഴികളിലൂടെയെത്തിയ എൽ.ഡി.എഫ് അംഗങ്ങൾ ഇവരെ ചാടിക്കടന്നും കൈവരിക്ക് മുകളിലൂടെയുമാണ് സീറ്റുകളിലെത്തിയത്. സിമി ജ്യോതിഷ്, സൗമ്യ, സിമി ബിജു എന്നിവരാണ് മേയറുടെ ചേംബറിന് മുന്നിൽ കിടന്ന് വഴി തടഞ്ഞത്. സമരക്കാർ വഴിമുടക്കിയതോടെ 2.30ന് മേയർക്ക് ചേംബറിലെത്താൻ കഴിഞ്ഞില്ല. അല്പനേരം കഴിഞ്ഞ് എൽ.ഡി.എഫ് കൗൺസിലർമാരായ ഷാജിദാ നാസർ, രാഖി രവികുമാർ, ജിഷ എന്നിവർ മേയർക്ക് സഹായവുമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വനിതാ പൊലീസിന്റെയും എൽ.ഡി.എഫ് അംഗങ്ങളുടെയും സഹായത്തോടെ സമരക്കാരെ ചാടിക്കടന്നാണ് മേയർ ചേംബറിലെത്തിയത്. യോഗം തുടങ്ങിയതോടെ കരമന അജിത്, എം.ആർ. ഗോപൻ, ഗിരികുമാർ, മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങൾ ഹാളിന്റെ മദ്ധ്യഭാഗത്തെത്തി മുദ്രാവാക്യം വിളിച്ചു.
ബഹളത്തിനിടെ മേയർ അനുശോചനപ്രമേയം അവതരിപ്പിച്ചു. യോഗം തുടങ്ങിയതോടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ അജൻഡയിൽ തിരുത്ത് ആവശ്യപ്പെട്ടു. 23, 27 എന്നീ മരാമത്ത് അജൻഡകളിലാണ് തിരുത്ത് ആവശ്യപ്പെട്ടത്. നഗരത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന പ്രതിപക്ഷ സമരത്തിനെതിരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം വാക്കാലുള്ള പ്രമേയം അവതരിപ്പിച്ചു. തുടർന്ന് അജൻഡകൾ പാസായതായും കൗൺസിൽ യോഗം വിജയകരമായി അവസാനിച്ചെന്നും മേയർ പ്രഖ്യാപിച്ചു. സമരക്കാരെ മറികടന്നാണ് മേയർ ചേംബറിലേക്ക് മടങ്ങിയത്.
യോഗത്തിൽ നിന്നും പുറത്തേക്കിറങ്ങിയ കൗൺസിലർമാരുടെ വഴി തടഞ്ഞ് കിടന്ന ഷീജാ മധുവിനെയും മഞ്ജു ജി.എസിനെയും ഹാളിൽ നിന്ന് പൊലീസ് ബലംപ്രയോഗിച്ച് നീക്കി. യോഗം പിരിഞ്ഞെങ്കിലും ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷനുള്ളിൽ സമരം തടരുകയാണ്. ബി.ജെ.പിയുടെ നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കും. ചർച്ച കൂടാതെ പാസാക്കിയ അജൻഡ അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നൽകി.