തിരുവനന്തപുരം: നികുതി തട്ടിപ്പ് വിഷയത്തിൽ ഇന്നലെ യു.ഡി.എഫുമായി മേയർ ചർച്ച നടത്തി. കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പദ്മകുമാർ, ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ എന്നിവരും എൽ.ഡി.എഫിൽ നിന്ന് മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഡി.ആർ. അനിൽ, പാളയം രാജൻ, സലിം എന്നിവരും പങ്കെടുത്തു.
എല്ലാ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും വാർഡ് തലത്തിൽ കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷണ വിധേയമാക്കണമെന്നും യു.ഡി.എഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുന്നത് പൊലീസിന്റെ ജോലിയാണെന്നും മറ്റെല്ലാ ആവശ്യങ്ങളും നടപ്പാക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചതാണെന്നും മേയർ അറിയിച്ചു. പ്രതികളെ അറസ്റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് അറിയിച്ചശേഷം യു.ഡി.എഫ് അംഗങ്ങൾ ചർച്ച അവസാനിപ്പിച്ചു.
യു.ഡി.എഫ് സമരം നടത്തി
തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പ് വിഷയത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന പത്താം ദിവസത്തെ സത്യഗ്രഹ സമരം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്‌തു. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ബീമാപ്പള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചൻ, കരുമം സുന്ദരേശൻ, സിനി എന്നിവർ സംസാരിച്ചു.