കല്ലമ്പലം: ബുധനാഴ്ച രാത്രി ഇരുപത്തെട്ടാംമൈൽ - പൈവേലിക്കോണം റോഡിൽ നടന്ന ബൈക്കപകടത്തിൽ 200 മീറ്റർ അകലത്തിലുള്ള വീടുകളിലെ രണ്ടുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടുക്കം മാറാതെ പൈവേലിക്കോണം ഗ്രാമം. വ്യാഴാഴ്ച രാവിലെയോടെയാണ് പലരും അപകട വിവരം അറിഞ്ഞത്.
അപകടത്തിൽ പൈവേലിക്കോണം കൃഷ്ണ കൃപയിൽ ഉമേഷ് കൃഷ്ണ (20), രമാ മന്ദിരത്തിൽ സുരേഷ് (69) എന്നിവരാണ് മരിച്ചത്. ശിവാലയത്തിൽ അനൂപാണ് (20) പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
വീടുകളിലെത്താൻ മിനിട്ടുകൾ ശേഷിക്കെ നടന്ന അപകടം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. എസ്.എഫ്.ഐ പ്രവർത്തകനായ ഉമേഷിന് നാട്ടിൽ നല്ലൊരു സുഹൃത്ത് വലയം തന്നെയുണ്ട്. മുതിർന്നവരോടും നല്ല സൗഹൃദം പുലർത്തിയിരുന്ന ഉമേഷിന്റെ വേർപാട് താങ്ങാനാകാതെ നാട് തേങ്ങി. വിദേശത്തുള്ള ഉമേഷിന്റെ പിതാവ് ഇന്നലെ രാവിലെ എത്തിയതോടെ മൃതദേഹം ഏറ്റുവാങ്ങി ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സുരേഷ് വർഷങ്ങളായി കല്ലമ്പലത്തെ വിവിധ വസ്ത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സുരേഷ് ഓർമ്മയായെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല. വ്യാഴാഴ്ച വൈകിട്ട് 3 ഓടെ വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു. ഇരുവരുടെയും സംസ്കാരച്ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക സാമുദായിക രംഗത്തെ ഒട്ടേറെപ്പേർ പങ്കെടുത്തു. സുരേഷിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.