കിളിമാനൂർ: സഹകരണ - രാഷ്ട്രീയ മേഖലകളിൽ അരനൂറ്റാണ്ട് പിന്നിട്ട നഗരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ. ഇബ്രാഹിം കുട്ടിക്ക് നാടിന്റെ ആദരം. "സ്നേഹപൂർവം സാറിന് " എന്ന പേരിൽ ഒരുമാസമായി തുടരുന്ന പരിപാടിയുടെ സമാപനവും ആദരിക്കൽ ചടങ്ങും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിന്റെ നിലനിൽപ്പ് ഇബ്രാഹിംകുട്ടിയെപ്പോലുള്ള പ്രാദേശിക നേതാക്കന്മാരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനം കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു. ഇബ്രാഹിംകുട്ടിയെ പോലുള്ളവർ പൊതുപ്രവർത്തകർക്ക് മാതൃകയാണ്. പാർട്ടിക്കുവേണ്ടിയും സഹകരണ മേഖലയ്ക്ക് വേണ്ടിയും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ചെന്നിത്തല പറഞ്ഞു.
അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. സി സെക്രട്ടറി ബി.ആർ.എം ഷഫീർ സ്വാഗതം പറഞ്ഞു. എൻ.കെ. പ്രേമ ചന്ദ്രൻ എം.പി, നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, തോന്നയ്ക്കൽ ജമാൽ, നബീൽ കല്ലമ്പലം, തോട്ടക്കാട് ശശി, അൻസർ കിളിമാനൂർ, സ്വാഗതസംഘം ഭാരവാഹികളായ അജി കേശവപുരം, ബി. രത്നാകരൻപിള്ള, ജി. സുദർശനൻ, എ.പി. സന്തോഷ് ബാബു, തുളസീധരൻ നായർ, രാജേഷ് എന്നിവർ പങ്കെടുത്തു.