തിരുവനന്തപുരം : പേട്ട സബ് ഇൻസ്‌പെക്ടറുൾപ്പെട്ട പൊലീസ് സംഘത്തെ
നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കൊച്ചുവേളി വിനായകനഗർ പുതുവൽ പുത്തൻവീട്ടിൽ ജാങ്കോകുമാർ എന്ന അനിൽകുമാറിനെയാണ് (37) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
കൊച്ചുവേളി ഗുഡ്സ് യാർഡ് കോളനിയിൽ പ്രതി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പേട്ട സബ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയത്. ഇവർക്കുനേരെയും അനിൽകുമാർ ബോംബെറിയുകയായിരുന്നു. തുടർന്ന് ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്.
ഇതിന് മുമ്പും ഇയാൾ പൊലീസിന് നേരെ ബോംബെറിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉദയകുമാറിന് ഇയാളുടെ ബോംബേറിൽ ചെവിക്ക് പരിക്കേൽക്കുകയും കേൾവിക്ക് തകരാർ സംഭവിക്കുകയും ചെയ്തു. ഈ കേസിൽ അടുത്തകാലത്താണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, എ.എസ്.ഐ സജിരാജകുമാർ, സി.പി.ഒമാരായ ഷൈൻ, ജിജി, വലിയതുറ എസ്.ഐ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.