നെയ്യാറ്റിൻകര: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ ചേർത്തല കോക്കോതമംഗം കോയിത്തുരുത്ത് വീട്ടിൽ ശ്യാമിനെയാണ് (37) കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നാം പ്രതിയായ ചേർത്തല കടക്കറപ്പള്ളിയിൽ സന്തോഷും(40), ശ്യാമും ചേർന്ന് നെയ്യാറ്റിൻകര ഓലത്താന്നി ബിച്ചുഭവനിൽ ബിച്ചുവുമായി (24) ഓൺലൈൻ വഴി ചങ്ങാത്തം സ്ഥാപിച്ചു. തുടർന്ന് വിസ വാഗ്ദാനം ചെയ്ത് പലപ്പോഴായി 4ലക്ഷത്തോളം രൂപ കബളിപ്പിച്ചതായാണ് പരാതി. മുഴുവൻ തുകയും ഓൺലൈനായാണ് ബിച്ചു അയച്ചുകൊടുത്തിട്ടുളളത്. ജോലി ലഭിക്കാതായപ്പോൾ പണം മടക്കി ചോദിച്ചതോടെ പ്രതികൾ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് ബിച്ചു നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. നെയ്യാറ്റിൻകര എസ്.എച്ച്.ഒ വി.എൻ. സാഗർ, എസ്.ഐ സെന്തിൽകുമാർ എന്നിവരടങ്ങിയ സംഘം ചേർത്തലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.