photo

നെടുമങ്ങാട് : വാർഡിലെ വോട്ടർമാർക്ക് സേവനങ്ങൾ യഥാസമയം വീടുകളിലെത്തിക്കുന്നതിന് സ്വന്തമായി മൊബൈൽ ആപ്പ് നിർമ്മിച്ച് കൗതുകമൊരുക്കുകയാണ് നഗരസഭ പത്താംകല്ല് കൗൺസിലർ എസ്.ഷമീർ. സേവനങ്ങൾ മുൻനിറുത്തി,സ്മാർട്ട് പത്താംകല്ല്- എന്ന പേരിൽ മൊബൈൽ ആപ്പ് നിർമ്മിച്ചാണ് ഈ കൗൺസിലർ ശ്രദ്ധ നേടുന്നത്. സ്വന്തമായി പണം മുടക്കിയാണ് ഷമീർ മൊബൈൽ ആപ്പ് നിർമ്മിച്ചത്. വാർഡിലെ മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ ആപ്പ് വഴി അറിയാൻ കഴിയുമെന്നതാണ് പ്രത്യേകത.ഇങ്ങനെയൊരു ആപ്പ് നിർമ്മിക്കാൻ പ്രചോദനം നൽകിയത് നാട്ടിലെ വാട്‍സ് ആപ്പ് കൂട്ടായ്മയാണെന്ന് ഷമീർ പറയുന്നു.1828 വോട്ടർമാരുള്ള വാർഡിലെ മുഴുവൻ കുടുംബങ്ങളുടെയും വിവരങ്ങൾ അറിയാനും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താനും ഈ ആപ്പ് സഹായിക്കും. കൊവിഡ് പോസിറ്റീവായവർ തുടങ്ങി ജീവിതശൈലീ രോഗങ്ങൾ ഉള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവരുടെ ലിസ്റ്റും ഇതിലൂടെ അറിയാൻ കഴിയും.സമ്പൂർണ്ണ വാക്സിനേഷൻ,എത്ര പേർ പെൻഷൻ വാങ്ങുന്നു തുടങ്ങി സർക്കാർ ആനുകൂല്യങ്ങൾ എത്ര പേർക്ക് ലഭിച്ചുവെന്നുവരെ ഒറ്റ ക്ലിക്കിൽ അറിയാനാവും.ആപ്പിനെ വികസിപ്പിച്ചെടുത്ത് ജനങ്ങളുടെ മൊബൈൽ ഫോണിലും നിയന്ത്രണങ്ങളോടെ ഇൻസ്റ്റാൾ ചെയ്യാനുള്ള ആലോചനയിലാണ്. സി പി.എം പ്രതിനിധിയായി മത്സരിച്ചാണ് ഷമീർ നഗരസഭ കൗൺസിലിലെത്തിയത്.