cpz-auto

ചെറുപുഴ: തിരുമേനി-താബോർ പി.ഡബ്ല്യു.ഡി റോഡിൽ ചട്ടിവയലിൽ അശാസ്ത്രീയമായ പാലം നിർമ്മാണം കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. രണ്ടു വർഷമായി ഇവിടെ പഴയ കലുങ്ക് പൊളിച്ച് പാലം നിർമ്മിക്കുകയാണ്. എന്നാൽ പണികൾ എവിടെയും എത്തിയില്ല. അശാസ്ത്രീയമായ നിർമ്മാണമാണ് നടക്കുന്നതെന്ന് വ്യാപകമായ പരാതിയും ഉയരുന്നു. പാലം നിർമ്മിക്കുമ്പോൾ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധം പകുതി ഭാഗം പൊളിച്ച് കോൺക്രീറ്റ് ചെയ്യുകയാണ് പതിവ്. എന്നാൽ ഇവിടെ പകുതിയിൽ താഴെ ഭാഗം പൊളിച്ച് കോൺക്രീറ്റ് ചെയ്തു. ഇതുവഴി വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയില്ല. ബാക്കി ഭാഗം പൊളിച്ച് പണി തുടങ്ങിയാൽ വാഹനഗതാഗതം തടസപ്പെടും. ഇരുചക്രവാഹനങ്ങൾക്ക് മാത്രം കടന്നു പോകാം. അശാസ്ത്രീയ നിർമ്മാണം അപകടങ്ങൾക്കും കാരണമാകുന്നു. ഇന്നലെ വൈകീട്ട് നാലു മണിയോടെ താബോർ ഭാഗത്ത് നിന്ന് വന്ന പെട്ടി ഓട്ടോ കുഴിയിൽ വീഴാതെ വെട്ടിച്ചപ്പോൾ പാലത്തിൽ നിന്നും 25 അടി താഴ്ചയിലേയ്ക്ക് വീണു. രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുമേനിയിലെ കൊച്ചു ചിറയിൽ ജിതിൻ രാജു(22)വിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും, പ്രാപ്പൊയിൽ പെരുന്തടത്തിലെ പയ്യൻ വീട്ടിൽ സാലു ബാലകൃഷ്ണനെ (24) പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. റോഡിലെ അപകടാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ജനപ്രതിനിധികൾ പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പ്രദേശവാസികൾ പറയുന്നു.