തിരുവനന്തപുരം: കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽനിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കി. ബാങ്കിലെ ക്ലാർക്ക് വിജീഷാണ് തട്ടിപ്പ് നടത്തിയത്. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് വിശദ അന്വേഷണത്തിനായി സിബിഐയ്ക്ക് കൈമാറി ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് വിജ്ഞാപനമിറക്കിയത്. മൂന്നുകോടിക്ക് മുകളിലുള്ള, പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് സിബിഐയാണ് അന്വേഷിക്കാറുള്ളത്. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് വിജീഷ് 5,39,79,448 രൂപയാണ് മാ​റ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക് 2,54,44,170 രൂപയും മാ​റ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ ഒന്നരക്കോടി രൂപ കൂടി ബാങ്ക് ശാഖയിൽനിന്ന് നഷ്ടപ്പെട്ടു. ക്ലോസ് ചെയ്യാൻ അക്കൗണ്ട് ഉടമകൾ ആവശ്യപ്പെട്ട എസ്.ബി. അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. മേലുദ്യോഗസ്ഥരുടെ പാസ്‌വേർഡുകൾ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.