തിരുവനന്തപുരം: ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന വ്യാജപ്രചാരണങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരവികസനത്തെ അട്ടിമറിക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണ് ഇരുകൂട്ടരുടെയും ശ്രമമെന്നും മേയർ വ്യക്തമാക്കി.

ജപ്തി ചെയ്യുമെന്നതുൾപ്പെടെയുള്ള വ്യാജ പ്രചാരണങ്ങളാണ് ബി.ജെ.പിയും യു.ഡി.എഫും നടത്തുന്നത്. ജനങ്ങളെ ചേർത്തുപിടിക്കുന്ന ഭരണസമിതിയാണിത്. കോർപ്പറേഷനിൽ ഒടുക്കിയ ജനങ്ങളുടെ തുക നഷ്ടമായിട്ടില്ല,​ മുഴുവൻ തുകയ്ക്കും രേഖകളുണ്ട്. ബി.ജെ.പി കൗൺസിലർമാർ ജനപ്രതിനിധികളെന്ന നിലയിലുള്ള അവരുടെ കർത്തവ്യങ്ങൾ വിസ്‌മരിക്കുകയാണ്. സോണൽ ഓഫീസ് ക്രമക്കേടിൽ ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേയർ വിശദീകരിച്ചു.

ആകെയുള്ള ഓഫീസുകളിൽ മൂന്നെണ്ണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും സ്വീകരിച്ചു. നഗരസഭ നൽകിയ കേസിൽ ഇതിനകം മൂന്നുപേരെയാണ് അറസ്റ്റുചെയ്‌തത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഒരാളെ പേരെടുത്തുപറഞ്ഞ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനാകില്ല. ഈ മാസം അവസാനം തന്നെ നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബർ പകുതിയോടെ പരാതി പരിഹാരത്തിന് അദാലത്ത് സംഘടിപ്പിക്കുമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷന്മാരായ ഡി.ആർ. അനിൽ, സലീം, ജിഷ, സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.