വിതുര : വിതുര പഞ്ചായത്തിലെ ആനപ്പാറ വാർഡിലെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, സ്വാതന്ത്ര്യ നിഷേധം, അവകാശ ലംഘനം എന്നീ പ്രശ്നങ്ങൾ പരിഹരിക്കാനും അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാത്ത തരത്തിലുള്ള സാമൂഹിക ക്രമം സൃഷ്ടിക്കാനും വേണ്ടിയാണ് വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നത്.
സമിതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്
ജനങ്ങൾ കൂടുതലായി എത്തുന്ന പൊതു ഇടമായ പൊൻമുടി റോഡിലെ ആനപ്പാറ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചത്. ജാഗ്രത സമിതി മുൻപാകെ നൽകേണ്ട പരാതികൾ ഇവിടെ നിക്ഷേപിക്കാവുന്നതാണ്. ഇതിന് പുറമെ അംഗൻവാടിയിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വാർഡ് മെമ്പർ ചെയർമാനായ ജാഗ്രത സമിതിയിലേക്ക് നേരിട്ടോ രേഖാമൂലമോ,തപാൽ വഴിയോ, പരാതിപ്പെട്ടികളിലൂടെയോ പരാതികൾ സമർപ്പിക്കാവുന്നതാണ്.
കൃത്യമായ ഇടവേളകളിൽ ജാഗ്രത സമിതികൾ ചേർന്ന് പരാതിയിന്മേൽ പരിഹാര നടപടികൾ സ്വീകരിക്കും.
വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ സുജിത മാത്യു, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിദ്യ വിശ്വൻ, അംഗൻവാടി പ്രവർത്തകരായ അനിത കുമാരി, ലത,മഞ്ജുഷ, ആശ വർക്കർ സെലിൻ റോസ്, ജാഗ്രത സമിതി അംഗങ്ങളായ ഉദയകുമാർ, രാജേഷ്, ഭഗവതി നായ്ക്കർ, ധന്യ എന്നിവർ പങ്കെടുത്തു.