കല്ലമ്പലം: ദേശീയപാത കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകളിൽ ഒന്നായ കല്ലമ്പലം കവലയിൽ ട്രാഫിക് നിയന്ത്രണസംവിധാനങ്ങൾ ഇല്ലാത്തത് നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞദിവസം ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. കിളിമാനൂർ ഭാഗത്തുനിന്ന് വന്ന കാർ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ആയതിനാൽ തിരക്ക് കുറവായിരുന്നു. അതിനാൽ വലിയ അപകടങ്ങൾ ഉണ്ടായില്ല.
മൂന്ന് ദിവസം മുൻപ് വർക്കല റോഡിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പ്രവേശിച്ച കാറിൽ കൊല്ലം ഭാഗത്ത് നിന്ന് വന്ന മിനി ലോറി ഇടിച്ച് ഗർഭിണി അടക്കം 3 പേർക്ക് പരിക്കേറ്റിരുന്നു.
വാഹനനിയന്ത്രണത്തിന് ജംഗ്ഷനിൽ പൊലീസുകാരനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രധാനസമയങ്ങളിൽ അവരും ഉണ്ടാകാറില്ലെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്ന സമയത്ത് മാത്രമേ ഇനി സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ കഴിയൂവെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
കല്ലമ്പലം ജംഗ്ഷൻ
കിളിമാനൂർ ഭാഗത്ത് നിന്ന് വരുന്ന റോഡും വർക്കല ഭാഗത്ത് നിന്ന് വരുന്ന റോഡും ദേശീയ പാതയിലെ ഇരുവശത്തായി സംഗമിക്കുന്ന ഭാഗമാണ് കല്ലമ്പലം ജംഗ്ഷൻ.
6 മാസത്തിനിടെ നടന്നത് - 20ഓളം അപകടങ്ങൾ - 7 മരണം - 50 ഓളം പേർക്ക് പരിക്ക്
പ്രശ്നങ്ങൾക്ക് കാരണം
ഇത്രയും വലിയ ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിന്റെ അഭാവത്തോടൊപ്പം വാഹനനിയന്ത്രണത്തിന് ട്രാഫിക് പൊലീസും കുറവാണ്. ഇവിടെ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും അധികൃതർ മൗനത്തിലാണ്. ദേശീയപാത വികസനം വരുന്നതിനാൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.
പരാതിപ്പെട്ടിട്ടും നടപടിയില്ല
തിരക്കേറിയ ഈ ഭാഗത്ത് വാഹനനിയന്ത്രണത്തിന് യാതൊരു സംവിധാനവും ഇല്ലാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വ്യാപാരികൾ അടക്കം ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ പലതവണ സമീപിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.
ഡിവൈഡറിന്റെ അശാസ്ത്രീയ നിർമ്മാണം
ദേശീയപാതയിലെ റോഡുകളെ വേർതിരിക്കുന്ന ഡിവൈഡറിന്റെ അശാസ്ത്രീയ നിർമ്മാണമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് ദേശീയപാത അതോറിട്ടി പറയുന്നു. അതിനാൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ കഴിയില്ലെന്നാണ് റോഡ് സേഫ്ടി അതോറിട്ടിയുടെ പഠനത്തിൽ വ്യക്തമായത്.