കുറ്റിച്ചൽ: ഓരോ പെരുമഴക്കാലവും കഴിയുംതോറും കോട്ടൂർ അഗസ്ത്യ വനത്തിലെ ആദിവാസികളുടെ ദുരിതം ഇരട്ടിയാകും. ഇപ്പോഴത്തെ മഴ കഴിഞ്ഞപ്പോഴും ആദിവാസി ഊരുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം തകർന്നു. താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ പലയിടങ്ങളിലും റോഡുകളും ചപ്പാത്തുകളും എല്ലാം നശിച്ചു. ഓരോ മഴ കഴിയുമ്പോഴും തകരുന്ന റോഡുകളായി ഉപയോഗിക്കുന്ന വണ്ടിത്തടങ്ങൾ നന്നാക്കാൻ ആദിവാസികൾ തന്നെ മുന്നിട്ടിറങ്ങുകയാണ്. അല്ലെങ്കിൽ ഇവർക്ക് സ്വന്തം ഊരുകളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥവരും.
വർഷാവർഷം ആദിവാസി ഊരുകളിലേക്കുള്ള റോഡ് വികസനത്തിനായി ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ വനമേഖയ്ക്കകത്തുകൂടിയുള്ള റോഡ് നിർമ്മാണം വേണ്ടത്ര ഗുണമേന്മയില്ലാതെയാണ് നടത്തുന്നത്. പലപ്പോഴും ആദിവാസി ഊരുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്തുകൾ വനത്തിനുള്ളിൽ ചപ്പാത്തുകളും ചെറിയ പാലങ്ങളും നിർമ്മിക്കാറുണ്ട്. എന്നാൽ ഇതെല്ലാം വേണ്ട രീതിയിൽ വീതിയില്ലാതെയും ഗുണനിലവാരമില്ലാതെയുമാണ് നിർമ്മിച്ചിട്ടുള്ളത്. വനമേഖലയിലെ ആദിവാസികളുടെ അജ്ഞതയും നിർമ്മാണരീതികളെപ്പറ്റിയും ഫണ്ടുകളെപ്പറ്റിയും തിരക്കാനുള്ള കഴിവില്ലായ്മയും കരാറെടുക്കുന്നവർ ചൂഷണം ചെയ്യുകയാണ് പതിവെന്നും പരാതി ഉയരുന്നുണ്ട്.
**ഓരോ പേമാരി കഴിയുംതോറും ആദിവാസിമേഖലകൾ ഒറ്റപ്പെടുന്നു
**വനമേഖയ്ക്കകത്തുകൂടിയുള്ള റോഡ് നിർമ്മാണം വേണ്ടത്ര ഗുണമേന്മയില്ലെന്ന് പരാതി
** റോഡ് തകർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാതായി
ആശങ്കയിൽ ജനം
റോഡിന്റെ തകർച്ചകാരണം ആളുകൾക്ക് ഇപ്പോൾ പുറം ലോകത്ത് എത്താൻ കഴിയാത്ത അവസ്ഥയാണ്.
ഓരോ പ്രാവശ്യവും കാലവർഷക്കെടുതിയിൽ വീടുകളും റോഡുകളും നഷ്ടപ്പെട്ട് അഗസ്ത്യ വനമേഖലയിൽ നിരവധി പേരുണ്ട്. ഇവർക്കെല്ലാം ഉന്നതാധികാരികൾ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാമെന്ന ഉറപ്പ് നൽകിയാണ് മടങ്ങുന്നത്. എന്നാൽ പ്രഖ്യാപനങ്ങൾ ഒന്നും നടക്കാറില്ലെന്നുമാത്രം. മഴയിൽ റോഡ് തകർന്നതുകാരണം നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളെ എങ്ങനെ നാട്ടിൻ പുറങ്ങളിലെ സ്കൂളുകളിൽ എത്തിക്കും എന്ന ആശങ്കയും ആദിവാസികൾക്കുണ്ട്.
ആദിവാസികളുടെ ദുരിതങ്ങൾ കാണാൻ ഭരണാധികാരികൾ കണ്ണ് തുറക്കണം ഊരിലേക്കുള്ള എല്ലാ വണ്ടിത്തടങ്ങളും തകർന്നിരിക്കുകയാണ്. സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാതെ വരുമോ എന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്.
സുരേഷ് മിത്ര, ഉറവ് സാംസ്ക്കാരിക വേദി. അഗസ്ത്യവനം