നെയ്യാറ്റിൻകര: അലഞ്ഞുതിരിയുന്ന തെരുവു നായ്കളെ പിടികൂടി പേവിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ നൽകുന്ന നടപടിയ്ക്ക് നെയ്യാറ്റിൻകര നഗരസഭയിൽ തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെയും നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2 ദിവസം മുമ്പ് നെയ്യാറ്റിൻകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ 20ഓളം പേർക്ക് കടിയേറ്റിരുന്നു. മൂന്നുകല്ലിൻമൂടിനും ടി.ബി ജംഗ്ഷനും ഇടയിൽ റോഡരികിൽ നിന്നവർക്കും കാൽനടയാത്രികർക്കുമെല്ലാം കടിയേറ്റിരുന്നു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും നടപടിയുണ്ടാകും. നായകളെ പിടികൂടി 4 ദിവസം സംരക്ഷിക്കുകയും പിന്നീട് ശസ്ത്രക്രിയയ്ക്ക് ശേഷം ഇവയ്ക്ക് ടാഗ് ഉറപ്പിച്ച് മോചിപ്പിക്കുകയുമാണ് ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 20 നായ്ക്കളെയാണ് ഇത്തരത്തിൽ വന്ധ്യംകരിക്കുന്നത്. വഴിമുക്ക് മുതൽ പ്രധാന ജംഗ്ഷനുകളിൽ അലഞ്ഞ് തിരിയുന്ന തെരുവു നായകളെ ഇതിനായി പിടികൂടും. പാതയോരങ്ങളിൽ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് തെരുവ് നായ ശല്യത്തിനിടയാക്കുന്നതിനാൽ പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് നഗരസഭ അറിയിച്ചു. നഗരസഭാ ചെയ‌ർമാൻ പി.കെ. രാജ്മോഹൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വെറ്ററിനറി സർജൻ ഡോ. സിന്തിൽകുമാർ, നഗരസഭ സെക്രട്ടറി മണികണ്ഠൻ, ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മധുകുമാർ എന്നിവർ പങ്കെടുത്തു.