തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പദ്ധതിയിൽ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങൾ നടന്നിട്ടില്ല. കേരളത്തിൽ പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. നിലവിലെ പാത ശക്തിപ്പെടുത്തിയും വികസിപ്പിച്ചും അതിവേഗ ട്രെയിൻ ഓടിക്കാമെന്നിരിക്കെ 34,000 കോടി രൂപ വായ്‌പയെടുക്കുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് അറിയില്ല. പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേയുടെ നിലപാടെന്ന് മനസ്സിലാക്കുന്നു. ഇത്രയും വലിയ തുക വായ്‌പയെടുക്കുമ്പോൾ അതെങ്ങനെ തിരിച്ചടയ്‌ക്കുമെന്നും എങ്ങനെ അതിനുള്ള വരുമാനം കണ്ടെത്തുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാഹചര്യവും ജനങ്ങളുടെ താത്പര്യവും സർക്കാർ മനസ്സിലാക്കണം. ഈ പദ്ധതി കേരളത്തിന് ആവശ്യമില്ല. എന്നാൽ, പദ്ധതിക്കെതിരെ കേന്ദ്രത്തിൽ താൻ സമ്മർദ്ദം ചെലുത്തില്ല. ജനങ്ങൾക്കൊപ്പം നിൽക്കും. കേരളത്തിലെ 4 വിമാനത്താവളങ്ങൾ വികസിപ്പിച്ചാൽ യാത്രാദുരിതത്തിന് പരിഹാരമാകും. മണ്ണിടിക്കൽ ഉൾപ്പെടെ നടത്തി മാത്രമേ പുതിയ റെയിൽ ലൈൻ കൊണ്ടുവരാൻ സാധിക്കൂ. പരിസ്ഥിതിയോടിണങ്ങിയ പദ്ധതികൾ മാത്രം സംസ്ഥാനത്ത് നടപ്പിലാക്കുന്നതായിരിക്കും അഭികാമ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.