akbar

വെഞ്ഞാറമൂട്: കോഴി ഫാമിൽ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി. വെഞ്ഞാറമൂട് മണലിമുക്കിൽ സ്ഥിതി ചെയ്യുന്ന അമീറിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്നാണ് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 60 കിലോ വരുന്ന കഞ്ചാവ് കഴിഞ്ഞ ദിവസം രാവിലെ 11ഓടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും സൂത്രധാരനുമായ നെടുമങ്ങാട് മരിമക്കോട് അക്ബർ ഷായെ അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് എക്സൈസ് പറയുന്നതിങ്ങനെ, അമീറിന്റെ അകന്ന ബന്ധുവായ അക്ബർ ഷാ മൂന്ന് ദിവസം മുൻപ് മൂന്ന് ചാക്കുകളിൽ മരപ്പൊടിയാണെന്നും ഇനി എട്ടു ചാക്ക് കൂടി കിട്ടാനുണ്ട്, അതും കൂടി കിട്ടിയിട്ട് ഒരുമിച്ചു കൊണ്ടു പോകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ചാക്കുകൾ കോഴി ഫാമിൽ സൂക്ഷിച്ചത്.

കഴിഞ്ഞദിവസം ചാക്ക് എലി കടിക്കുകയും അത് ശ്രദ്ധയിൽപ്പെട്ട അമീർ ഇത് അവിടെ നിന്ന് മാറ്റാൻ അക്ബറിനോട് ആവശ്യപ്പെടുകയും ചെയതു. എന്നാൽ അകബർ ഷാ ഒഴിഞ്ഞുമാറുകയും ചാക്കുകൾ അമീറിനോട് കൊണ്ടുവന്ന് ഏൽപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിൽ പന്തികേട് തോന്നിയ അമീർ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു .

തുടർന്ന് എക്സൈസ് കോഴിഫാം റെയ്ഡ് ചെയ്യുകയായിരുന്നു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, കെ.വി. വിനോദ്, ആർ.ജി. രാജേഷ്, എസ്. മധുസൂദൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, വിശാഖ്, ഷംനാദ്, രാജേഷ്, മുഹമ്മദലി, അരുൺ, ബസന്ത്, എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവർ പങ്കെടുത്തു.