തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പരിശീലനം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചുവെന്ന് കേരള ഫയർ ആൻഡ് റസ്‌ക്യു സർവീസസ് ഡയറക്‌ടർ ജനറൽ ഡോ.ബി.സന്ധ്യ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. അടുത്ത അക്കാഡമിക് വർഷം മുതൽ സ്‌കൂൾ സിലബസിൽ ഇക്കാര്യം ഉൾപ്പെടുത്തുമെന്നാണ് വിശ്വാസം. മഴക്കാല അപകടങ്ങൾ അടക്കം തടയാൻ വ്യക്തമായ ബോധവത്ക്കരണം ആവശ്യമാണ്. ഫയർ ആൻഡ് റസ്‌ക്യു സർവീസിൽ മികവ് കാട്ടിയവരെ കേരളകൗമുദി ആദരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സന്ധ്യ പറഞ്ഞു. ദുരന്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷ നേടാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനുളള നിർദ്ദേശം സ്വാഗതാർഹമാണെന്ന് ചടങ്ങിൽ മുഖ്യസാന്നിദ്ധ്യമായിരുന്ന വി.കെ.പ്രശാന്ത് എം.എൽ.എയും അഭിപ്രായപ്പെട്ടു.