പൂവച്ചൽ: പൂവച്ചൽ പുന്നാംകരിക്കകത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തി മുള്ളുവേലി കെട്ടിയതായി പരാതി. വടക്കേവിള ഉത്രംഹൗസിൽ ജി.പി. പ്രിയങ്കയാണ് നെടുമങ്ങാട് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
പുന്നാംകരിക്കകത്തുനിന്ന് കാപ്പിക്കാട്ടേക്ക് പോകുന്ന ഇടറോഡിലാണ് സംഭവം. ഒക്ടോബർ ഒന്നിന് പ്രിയങ്ക തിരുവനന്തപുരത്തെ ആശുപത്രിയിൽ പോയി വൈകിട്ടോടെ മടങ്ങി വന്നപ്പോഴാണ് വഴിയടച്ചിരുന്നതായി കണ്ടത്. പ്രിയങ്കയെത്തിയ വാഹനം ഇതുരെ വീട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. റോഡിന്റെ ഒരു ഭാഗം പഴയ നിലത്തിന്റെ വെള്ളം പോകാനുള്ള അടയണിയാണ്. ഈ ഭാഗത്ത് കുഴിയായതിനാൽ വാഹനം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായി.
പരാതി നൽകിയതിനെ തുടർന്ന് പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാറും കാട്ടാക്കട പൊലീസും സ്ഥലത്തെത്തി റോഡിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലി മാറ്റാൻ നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയത്.