തിരുവനന്തപുരം : പിതാവ് തന്റെ സമ്മതമില്ലാതെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം നടത്തി. ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരം വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതിന് മുമ്പ് അനുപമയ്ക്ക് അനുകൂലമായി സർക്കാർ നടപടിയും തുടങ്ങി. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിറുത്തിവയ്ക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡർക്ക് നിർദ്ദേശം നൽകി.
രാവിലെ 10 മണിയോടെ ഭർത്താവ് അജിത്തിനൊപ്പം എന്റെ കുഞ്ഞെവിടെ? കേരളമേ ലജ്ജിക്കൂ തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുമായാണ് അനുപമ സമരത്തിനെത്തിയത്. പിന്തുണയ്ക്കേണ്ട സമയത്ത് പാർട്ടിയും പൊലീസും ഒന്നും ചെയ്യാതെ നോക്കി നിന്നെന്ന് അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമരം പാർട്ടിക്കെതിരല്ല എന്നാൽ, സഹായം തേടിയപ്പോൾ ഉത്തരവാദപ്പെട്ടവർ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മൊഴിയെടുക്കാനോ പേരൂർക്കട പൊലീസ് തയ്യാറായില്ല. സർക്കാരും ശിശുക്ഷേമ സമിതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി.
സമരം ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി വീണാജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമപരമായ എല്ലാസഹായവും ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുപമയ്ക്ക് അനുകൂലമായ രീതിയിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നൽകിയതിന്റെ നടപടികൾ വഞ്ചിയൂർ കുടുംബകോടതിയിലാണ് പുരോഗമിക്കുന്നത്. നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ദത്ത് നടപടികളിൽ കോടതി അന്തിമ വിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായ സാഹചര്യവും സർക്കാർ കോടതിയെ അറിയിക്കും.
ഹർജിയിൽ തത്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും ആവശ്യപ്പെടും. മന്ത്രി വീണാജോർജാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഗവ. പ്ലീഡർക്ക് നൽകിയത്. ആറുമാസ നിരീക്ഷണകാലയളവിൽ ദത്തെടുക്കുന്നവർ കുട്ടിയെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ ദത്ത് നടപടികളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ കുഞ്ഞിനെ തിരികേ ഏല്പിക്കാൻ കോടതി നിർദ്ദേശിക്കും. ഇത് വേഗത്തിലുള്ള നടപടിയാണ്. സർക്കാർ നടപടിയെക്കുറിച്ച് അറിഞ്ഞതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് മടങ്ങിയത്. മഹിളാ കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ വനിതാ-സമൂഹ്യ സംഘടനാ പ്രവർത്തകർ അനുപമയ്ക്ക് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തി.
അനുപമയ്ക്ക് സഹായം ഉറപ്പുനൽകി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : കുഞ്ഞിനെ തിരികെ കിട്ടാൻ നിയമപരമായ എല്ലാസഹായവും സർക്കാർ ചെയ്യുമെന്ന് അനുപമയ്ക്ക് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകി. അനുപമയെ ഫോണിൽ വിളിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വകുപ്പുതല റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിൽ വാസ്തവം കണ്ടെത്തിയാൽ ഉറപ്പായും നടപടി സ്വീകരിക്കും. ഒരമ്മ എന്ന നിലയിൽ കാര്യങ്ങൾ മനസ്സിലാകും. കുഞ്ഞ് അമ്മയോടൊപ്പമാണ് വേണ്ടത്. അതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അനുപമയുടെ പരാതിയിൽ
അന്വേഷണ ഉത്തരവിറങ്ങി
തിരുവനന്തപുരം : ശിശുക്ഷേമ സമിതിയ്ക്ക് എതിരായ അനുപമയുടെ പരാതിയിൽ വനിതാ-ശിശു വികസന വകുപ്പിൽ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താൻ നടപടി എടുത്തില്ല. എല്ലാ ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാകും അന്തിമ നിഗമനത്തിലെത്തുക. ആൺകുഞ്ഞിനെ രജിസ്റ്ററിൽ പെൺകുഞ്ഞാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ടോയെന്ന സംശയമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വച്ച് അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. ഏപ്രിൽ 19 ന് പേരൂർക്കട പൊലീസിലാണ് അനുപമ ആദ്യ പരാതി നൽകിയത്. പിന്നീടങ്ങോട്ട് ഡി.ജി.പി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സി.പി.എം നേതാക്കൾ തുടങ്ങി പലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതി.
കുഞ്ഞിനെ നൽകിയത് അനുപമയുടെ
അറിവോടെ : അജിത്തിന്റെ മുൻഭാര്യ
തിരുവനന്തപുരം : കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടുള്ള അനുപമയുടെ പോരാട്ടം വിവാദമായിരിക്കെ നാടകീയമായി അജിത്തിന്റെ മുൻഭാര്യ നസിയയുടെ രംഗപ്രവേശം.
അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയത്. താനും അജിത്തുമായുള്ള വിവാഹബന്ധം വേർപെടുത്തിയാൽ കുഞ്ഞുമായി അജിത്തിനൊപ്പംപോകുമെന്ന് അനുപമ പറഞ്ഞെന്ന് അനുപമയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. തുടർന്ന് താൻ അനുപമയെ വീട്ടിൽപോയി കണ്ടു. ആ സമയത്ത് അനുപമ അബോധാവസ്ഥയിൽ ആയിരുന്നില്ല. അജിത്തുമായി താൻ ഡിവോഴ്സിന് തയ്യാറല്ലെന്ന് അനുപമയോട് പറഞ്ഞു. താൻ ഡിവോഴ്സ് കൊടുക്കില്ലെന്ന് പറഞ്ഞശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തിൽ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛൻ തനിക്ക് കാണിച്ചു തന്നതാണെന്നും നസിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അനുപമയും അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയതിന് പിന്നാലെ പ്രസ് ക്ലബിന് സമീപത്തെത്തിയാണ് നസിയ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
എന്നാൽ, നസിയയുടെ ആരോപണങ്ങൾ അനുപമയും അജിത്തും തള്ളി. ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എമ്മും തന്റെ പിതാവുമാണെന്ന് അനുപമ പറഞ്ഞു. തന്റെ പിതാവ് നസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു.
പൊലീസിന് വീഴ്ചയില്ലെന്ന് കമ്മിഷണറുടെ റിപ്പോർട്ട്
തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ, അമ്മ അറിയാതെ ദത്ത് നൽകിയ സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. അനുപമയുടെ പരാതികളെല്ലാം പൊലീസിന്റെ രജിസ്റ്ററിലുണ്ട്. കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണെന്ന് ആദ്യ അന്വേഷണത്തിൽ സംശയമുണ്ടായില്ല. അതിനാലാണ് തുടർനടപടികളുണ്ടാവാത്തത്.
പ്രസവിച്ച് ആറുമാസത്തിനു ശേഷമാണ് അനുപമ പരാതി നൽകിയത്. അനുപമയുടെ എല്ലാ പരാതികളിലും വാദിയുടെയും പ്രതിയുടെയും മൊഴിയെടുത്തിരുന്നു. അച്ഛൻ ചില രേഖകൾ ഒപ്പിട്ടു വാങ്ങിയെന്നും ഇത് തിരികെ വേണമെന്നുമായിരുന്നു ആദ്യ പരാതി. ഇതിൽ കുട്ടിയെ കൈമാറിയതിനെക്കുറിച്ച് പറയുന്നില്ല. ഏപ്രിലിൽ നൽകിയ ഈ പരാതിയിൽ അച്ഛന്റെ മൊഴിയെടുത്ത് തുടർനടപടി അവസാനിപ്പിച്ചതിന് പിന്നാലെയാണ് അനുപമ രണ്ടാമത്തെ പരാതി നൽകിയത്. കുട്ടിയെ കൈമാറിയെന്നും രേഖകൾ ഒപ്പിട്ടുവാങ്ങിയെന്നുമുള്ള വിവരം ഈ പരാതിയിലാണ്. ഇതിലും അനുപമയുടെയും അച്ഛന്റെയും മൊഴിയെടുത്തിരുന്നു. കുഞ്ഞിനെ കൈമാറിയ രേഖയിൽ ഒപ്പിട്ട നോട്ടറി, സാക്ഷികൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്താനായില്ല. കുട്ടിയെ തിരികെ കിട്ടാൻ കോടതിയെ സമീപിക്കണമെന്ന് അനുപമയോട് നിർദ്ദേശിച്ചതായും കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്.
അതിനിടെ, കുഞ്ഞിനെ ദത്തുനൽകിയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് സമിതിക്ക് പൊലീസ് കത്ത് നൽകി. 2020 ഒക്ടോബർ 19നും 25നും ഇടയിൽ ലഭിച്ച കുട്ടികളുടെ വിവരം നൽകണമെന്നാണ് ആവശ്യം. അഡോപ്ഷൻ ഏജൻസി, അനുപമ പ്രസവിച്ച നെയ്യാർ മെഡിസിറ്റി തുടങ്ങിയയിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പാർട്ടി നിയമം കൈയിലെടുത്തു: സതീശൻ
തൃശൂർ: അനുപമയ്ക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണം പാർട്ടി നിയമം കൈയിലെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദത്തെടുക്കൽ നിയമങ്ങളെല്ലാം ലംഘിച്ചിരിക്കുകയാണ്. അനുപമയ്ക്ക് നീതി കിട്ടണമെന്നും സതീശൻ പറഞ്ഞു.
സി.പി.എം മാതൃത്വത്തെ
പിച്ചി ചീന്തുന്നു: ചെന്നിത്തല
ഒരമ്മയുടെ നെഞ്ചിൽ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത് നാട് കടത്തുന്ന മനുഷ്യത്വഹീനമായ കൃത്യങ്ങൾക്ക് ഒരു മടിയുമില്ലാത്ത പാർട്ടിയായി സി.പി.എം മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എം അമ്മയ്ക്ക് ഒപ്പം:
എ. വിജയരാഘവൻ
സി.പി.എം അമ്മയ്ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റിനെയും സി.പി.എം പിന്താങ്ങില്ല. ഇത്തരം വിഷയങ്ങൾ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്. അവർ അന്വേഷണം നടത്തി നിയമപരമായി പരിഹാരം കാണും.
നടന്നത് മനുഷ്യത്വരഹിതമായ കാര്യം: വൃന്ദ കാരാട്ട്
അനുപമയുടെ വിഷയത്തിൽ നടന്നത് മനുഷ്യത്വരഹിതമായ കാര്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സംഭവിച്ചത് മുഴുവൻ തെറ്റായ കാര്യങ്ങളാണ്. അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടു. അവർക്ക് അവരുടെ കുഞ്ഞിനെ തിരികെ നൽകണം. ദത്തെടുത്തവർക്ക് കുട്ടി അവരുടെ സ്വന്തമാണെന്ന് തോന്നുന്നത് സ്വാഭാവികമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.