വക്കം: ബൈക്ക് യാത്രികരായ യുവാക്കളെ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനം തീവച്ച് നശിപ്പിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മണമ്പൂർ പെരുങ്കുളം മിഷൻ കോളനി എ.എസ്. മൻസിലിൽ അനസിനെയാണ് (30) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് രാത്രി എട്ടിന് പെരുങ്കുളം ജംഗ്ഷനിലായിരുന്നു സംഭവം. വഞ്ചിയൂർ പട്ടള ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം എസ്.എം ഭവനിൽ യദു കൃഷ്ണ (21), ഇയാളുടെ സുഹൃത്ത് അഭിഷേക് എന്നിവർക്കു നേരെയാണ് നാലംഗസംഘം ആക്രണം നടത്തിയത്.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇരുമ്പുവടി കൊണ്ട് ബൈക്കിന്റെ പെട്രോൾ ടാങ്ക് കുത്തിപ്പൊട്ടിച്ച ശേഷം തീയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്തും പരിസരത്തുമുള്ള നിരീക്ഷണ കാമറാ ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനസിനെ പിടികൂടിയത്. പെരുങ്കുളം ജംഗ്ഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പന നടത്തുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മറ്റ് പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു. കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐമാരായ എസ്. ദീപു, നസീറുദ്ദീൻ, എ.എസ്.ഐമാരായ ശ്രീകുമാർ, ജയകുമാർ, എസ്.സി.പി.ഒമാരായ സിയാദ്, ജ്യോതിഷ്, ജിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.