covid

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ആശ്രിതരായ ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷത്തേക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. മരണപ്പെട്ടയാൾ ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന വരുമാനദായകനോ ദായികയോ ആയിരിക്കണം. സാമൂഹ്യ, ക്ഷേമനിധി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിച്ചുകൊണ്ടിരിക്കുന്നവർക്കും ആശ്രിത സഹായം ലഭിക്കും. സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ വച്ചാണ് മരണം സംഭവിച്ചതെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാണെങ്കിൽ ആനുകൂല്യം നൽകണം. സമാശ്വാസം കിട്ടുന്നതിന് ബി.പി.എൽ വിഭാഗത്തിൽ മരിച്ചയാളുടെ വരുമാനം ഒഴിവാക്കണം. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായ നികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം.

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് 2000 രൂപ വീതം 18 വയസുവരെ നൽകുന്നതിനുള്ള ഉത്തരവുമിറങ്ങി. കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷാകർത്താവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ മാസം തോറും തുക നിക്ഷേപിക്കും. അനാഥരായ കുട്ടികളുടെ പേരിൽ മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങുന്നതിനും കുട്ടികളുടെ ബിരുദം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകുന്നതിനും ഉത്തരവിറങ്ങി.