sivagiri

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ (സേവനം) ആഭിമുഖ്യത്തിൽ 89ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തുടർച്ചയായി പന്ത്രണ്ടാമത്തെ വർഷവും ശിവഗിരി തീർത്ഥാടന സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. തീർത്ഥാടന കമ്മിറ്റിയുടെ രൂപീകരണം ദുബായ് ആൽ ബർഷയിലുളള ഡോണട്ടെല്ലൊ ഹോട്ടലിൽ നടന്നു. ഈ വർഷത്തെ തീർത്ഥാടന സംഗമം 2022 ജനുവരി 14ന് ദുബായ് കാരമയിലുളള എസ്.എൻ.ജി ഹാളിൽ വിർച്വലായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ, ശിവഗിരി മഠത്തിൽ നിന്നുളള സന്ന്യാസി ശ്രേഷ്‌ടൻമാർ, രാഷ്ട്രീയ - സാമൂഹ്യ മേഖലയിലെ പ്രമുഖ വ്യക്തികൾ എന്നിവർ പരിപാടികളുടെ ഭാഗമാകും.

പരിപാടിയുടെ നടത്തിപ്പിന് ശിവദാസൻ പൂവ്വാർ ജനറൽ കൺവീനറായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും യോഗത്തിൽ തിരഞ്ഞെടുത്തു. തീർത്ഥാടന സംഗമത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നടത്താറുളള ഗുരുദേവ കൃതികളുടെ പാരായണ മത്സരം യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലും മത്സര രൂപേണ നടത്തും. ഫൈനൽ മത്സരങ്ങൾ ഡിസംബർ 24ന് നടക്കും. ഒന്നാം സ്ഥാനം നേടിയവർക്ക് സ്വർണനാണയം സമ്മാനമായി നൽകും.

എസ്.എൻ.ഡി.പി യോഗം സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ.രാജന്റെ അഭാവത്തിൽ വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.വാചസ്‌പതി, ഫിനാൻസ് കമ്മിറ്റി കൺവീണർ ജെ.ആർ.സി.ബാബു, ഷൈൻ കെ.ദാസ്, സുരേഷ് തിരിക്കുളം, സാജൻ സത്യ, ഉഷാ ശിവദാസൻ, സുധീഷ് സുഗതൻ എന്നിവർ സംസാരിച്ചു. ശിവദാസൻ പൂവ്വാർ ബഡ്‌ജറ്റ് അവതരിപ്പിച്ചു.