തിരുവനന്തപുരം: മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ജീവനക്കാരൻ എ. ഹർഷാദിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചീഫ് സെക്രട്ടറിക്കും മ്യൂസിയം മൃഗശാലാ ഡയറക്ടർക്കും നിർദ്ദേശം നൽകി.
ഹർഷാദിന്റെ മരണത്തിൽ പിതാവ് എം. അബ്ദുൾ സലാം ദുരുഹത സംശയിക്കുന്നതിനാൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കണമെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ ഉത്തരവിൽ പറയുന്നു.
രാജവെമ്പാല പോലുള്ള ഉരഗങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതർ പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദവും പരിശോധിക്കണം. അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം ഡയറക്ടർ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ല. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. മരിച്ച ഹർഷാദിന് ജോലി സംബന്ധമായ സമ്മർദ്ദങ്ങളുണ്ടായിരുന്നെന്ന പിതാവിന്റെ വാദം മ്യൂസിയം ഡയറക്ടർ തള്ളി.