1

വിഴിഞ്ഞം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസിന് പുതിയ ബോട്ടുജെട്ടി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തമായി ബോട്ടുജെട്ടി ഇല്ലാത്തതിനാൽ കോസ്റ്റൽ പൊലീസിന്റെ നിരീക്ഷണ ബോട്ടുകൾ തിരയിൽപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കാൻ ബോട്ടുകൾ കരയിൽ കയറ്റിവയ്ക്കുകയായിരുന്നു പതിവ്.

അടിയന്തര സാഹചര്യങ്ങളിൽ ഇവ വെള്ളത്തിറക്കാൻ ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. പുതിയ ജെട്ടി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വർഷങ്ങൾക്ക് മുമ്പും ജെട്ടി നിർമ്മാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ ആധുനിക സജ്ജീകരണങ്ങളോടെ ബോട്ട് ജെട്ടി നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ താത്കാലിക പിക്കറ്റ് പോസ്റ്റ് നിർമ്മിച്ചിരിക്കുന്ന സ്ഥലത്താണ് പുതിയ ജെട്ടി നിർമ്മിക്കുന്നത്.

സൗകര്യങ്ങൾ ഇവയൊക്കെ

മത്സ്യത്തൊഴിലാളികൾക്കോ കടലിൽ യാത്രചെയ്യുന്ന മറ്റുള്ളവർക്കോ അപകടം പറ്റിയാൽ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സൗകര്യം, മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറി തുടങ്ങിയവയും ബോട്ട് ജെട്ടിയോടൊപ്പം സജ്ജമാക്കും. ബോട്ടുകൾ കെട്ടിയിടുന്നതിന് ഫെൻഡേഴ്സ്, നിരീക്ഷണത്തിനായും മത്സ്യ തൊഴിലാളികളുടെ സഹായത്തിനുമായി പൊലീസ് എയ്ഡ് പോസ്റ്റ് സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്.

ബോട്ട് കട്ടപ്പുറത്ത്

ജെട്ടി നിർമ്മാണത്തിന് പ്രൊപ്പോസൽ ആയെങ്കിലും നിലവിൽ ഇവിടെ സേവനത്തിന് ബോട്ടില്ലാത്ത അവസ്ഥയാണ്. ആകെയുള്ള ഒരു ബോട്ട്

അറ്റകുറ്റപ്പണിക്കായി കരയിൽ കയറ്റി വച്ചിട്ട് മാസങ്ങളായി. ആറ് മാസം മുമ്പ് ബോട്ടിന്റെ എൻജിൻ നന്നാക്കാനായി അഴിച്ചു കൊണ്ടുപോയിട്ട് ഇതുവരെയും തിരികെ എത്തിച്ചില്ല. മുമ്പ് ഇവിടെ മൂന്നു ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒന്ന് പൂവാറും മറ്റൊന്ന് അഞ്ചുതെങ്ങ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. നിലവിൽ വിഴിഞ്ഞത്ത് എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന് ബോട്ടില്ലാത്ത അവസ്ഥയാണ്.

പുതിയ ബോട്ട് വരുമോ?

വിഴിഞ്ഞം കോസ്റ്റൽ പൊലീസിനോട് കടലിലെ രക്ഷാ പ്രവർത്തനത്തിനു ഉതകുന്ന ബോട്ട് വാങ്ങുന്നത് സംബന്ധിച്ചുള്ള പ്രൊപ്പോസൽ നൽകാൻ ഒരുമാസം മുമ്പ് സ്റ്റേഷൻ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും ഇതിനുള്ള നടപടികൾ ആയിട്ടില്ല.