എലിവേറ്റഡ് ഹൈവേ മുക്കോലയ്ക്കൽ വരെ നീട്ടാൻ തീരുമാനം
തിരുവനന്തപുരം: ജില്ലയുടെ അഭിമാന പദ്ധതികളിലൊന്നായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അടുത്ത മേയിൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴക്കൂട്ടത്ത് എത്തിയതായിരുന്നു മന്ത്രി.
എലിവേറ്റഡ് ഹൈവേ മുക്കോലയ്ക്കൽ വരെ നീട്ടാനും തീരുമാനമായി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂർത്തിയായിക്കഴിഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന പദ്ധതിയായാണ് പൊതുമരാമത്ത് വകുപ്പ് എലിവേറ്റഡ് ഹൈവേയേ കാണുന്നുതെന്നും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. എല്ലാ മാസവും യോഗം നടത്തണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം എൻ.എച്ച്.എ.ഐ പരിഗണിച്ചിട്ടുണ്ട്. എൻ.എച്ച്.എ.ഐയുടെ റോഡുകളിൽ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ തന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം മുതൽ 2.71 കിലോമീറ്ററിലുള്ളതാണ് പദ്ധതി. നിലവിൽ 1.6 കിലോമീറ്റർ നിർമ്മാണം പൂർത്തിയായി. കഴക്കൂട്ടം മുതൽ മിഷൻ ഹോസ്പിറ്റൽ വരെയുള്ള ഭാഗത്തെ പിയർ ക്യാപ്പുകളും ഗർഡറുകളും സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. 200 കോടി രൂപയോളം ചെലവിട്ട് നിർമ്മിക്കുന്ന പദ്ധതിയിൽ മൂന്ന് അണ്ടർ പാസുകളുമുണ്ട്. 250ഓളം തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. നിർമ്മാണ പുരോഗതി വിലയിരുത്തിയശേഷം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മാണം
----------------------------------
നിലവിലെ ദേശീയപാത റോഡിന്റെ മീഡിയനിൽ ഒറ്റത്തൂണുകളിൽ നാലുവരിപ്പാതയായാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. റോഡിന്റെ മദ്ധ്യഭാഗത്ത് 35 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലും നിർമ്മിക്കുന്ന 60 തൂണുകൾ ചേർന്ന സ്പാനുകളും റോഡിലേക്ക് വന്നിറങ്ങുന്നതിനനുസരിച്ചുള്ള ചരിവിന് ആനുപാതികമായി ഉയരത്തിലും മറ്റും വ്യത്യാസമുള്ള 19 തൂണുകൾ ചേർന്ന സ്പാനുകളുമുള്ള നാലുവരിപ്പാതയാണുള്ളത്. ആകെ 79 സ്‌പാനുകളിലായി 280 കോൺക്രീറ്റ് ഗർഡറുകളാണ് (ഡക്ക് സ്ളാബുകൾ ) സ്ഥാപിക്കുന്നത്. 50 ടൺ വീതം ശേഷിയുള്ള രണ്ട് ഭാഗങ്ങളുള്ള ക്രെയിൻ കൂറ്റൻ ജനറേറ്ററുകളുടെ സഹായത്തോടെ പാളത്തിൽ സഞ്ചരിച്ചാണ് ഓരോ ഡക്ക് സ്ളാബും സ്പാനുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. രണ്ട് സ്പാനുകൾക്കിടയിൽ 7 ഗർഡറുകളാണുള്ളത്. എലിവേറ്റഡ് ഹൈവേയുടെ താഴെയുള്ള ദേശീയപാതയ്‌ക്കും 45 മീറ്ററാണ് വീതി.
79 തൂണുകൾ ചേർന്ന സ്‌പാനുകളുടെ നിർമ്മാണം പൂർത്തിയായി.
സ്പാനുകൾ തമ്മിലുള്ള അകലം 25 - 30 മീറ്റർ
നാലുവരിപ്പാതയിലെ ഓരോ വരിയുടെയും വീതി 9.5 മീറ്റർ
നടപ്പാതയ്ക്കും കേബിൾ ലൈനുകൾക്കും സൗകര്യം
റോഡിന്റെ നീളം - 2.71 കിലോമീറ്റർ വീതി - 45 മീറ്റർ
പദ്ധതി തുക - 198 കോടി