kovalam

കോവളം: ആവാടുതുറയിൽ വീടിന്റെ സമീപമുണ്ടായിരുന്ന കിണർ വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാണു. വീട്ടുകാർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ആവാടുതുറ ഹാർബർ റോഡിൽ കുഴിയൻവിള ലോകേശ് ഭവനിൽ സലിൻകുമാറിന്റെ കിണറാണ് തകർന്നത്. കഴിഞ്ഞദിവസം രാവിലെ എഴോടെയായിരുന്നു സംഭവം. അപകടത്തിന് തൊട്ട് മുമ്പ് സലിൻകുമാറിന്റെ ഭാര്യ ഷിജിയും മക്കളും കിണറിന്റെ സമീപത്തുണ്ടായിരുന്നു. കിണറ്റിലെ വെള്ളത്തിന്റെ അളവ് വർദ്ധിക്കുന്നത് നോക്കിനിന്ന ഇവർ വീട്ടിനുള്ളിലേക്ക് പോയ സമയത്താണ് 70 അടിയോളം താഴ്ചയുള്ള കിണർ പൂർണമായും ഇടിഞ്ഞുതാഴ്ന്നത്.

ഭയാനകമായ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും ആൾമറയും ഗ്രില്ലുമടക്കം താഴേക്ക് പതിച്ചു. അടിസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്‌തിരുന്ന കിണറായതിനാൽ വീടിനും ഭീഷണിയുണ്ട്. എം. വിൻസെന്റ് എം.എൽ.എ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.