നെടുമങ്ങാട്: മഹാനഗരങ്ങളിലുള്ള ബിസിനസ് സ്ഥാപനത്തിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് 41 പേരിൽ നിന്നായി നാലുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്ര് ചെയ്തു. അരശുപറമ്പ് ജീവാ ഭവനിൽ ജി. ജിതിനാണ് (31) അറസ്റ്റിലായത്. ദുബായ്, സിംഗപ്പൂർ, കൊൽക്കത്ത, ബംഗളൂരു, മുംബയ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ തനിക്ക് ബിസിനസ് ഉണ്ടെന്നും അതിൽ നിക്ഷേപം നടത്തുന്നവർക്ക് ഇരട്ടിപ്പണം ലാഭമായി നൽകുമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ഇത്തരത്തിൽ പലരിൽ നിന്നായി ഇയാൾ ഒന്നരലക്ഷം മുതൽ 46 ലക്ഷം രൂപ വരെ വാങ്ങിയതിന് രേഖകളുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഢംബര ജീവിതം നയിക്കാനാണ് ഇയാൾ വിനിയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നേരത്തെ പ്രമുഖ സിമന്റ് കമ്പനിയുടെ സെയിൽസ് റെപ്രസന്റേറ്റീവ് ആയിരുന്നു ജിതിൻ. 2017ൽ ജോലി ഉപേക്ഷിച്ച ശേഷമാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്.
നിക്ഷേപകർക്ക് ഉറപ്പിനായി ബാങ്ക് ലോണിനുവേണ്ടി പണയപ്പെടുത്തിയ വീടിന്റെ പേരിലുള്ള കരാറോ വ്യാജ ഒപ്പിട്ട ചെക്ക് ലീഫുകളോ ആണ് ഇയാൾ നൽകിയിരുന്നത്. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ ഈ ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് ഒപ്പ് വ്യാജമാണെന്നറിഞ്ഞത്. പിന്നീട് ഇവർ ജിതിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചിരുന്ന ഇയാളെ കണ്ടെത്താനും കഴിയാതായതോടെയാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് വട്ടപ്പാറ കല്ലയത്തുള്ള ഭാര്യാ ഗൃഹത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ എസ്. അൻസാരി, എസ്. പ്രകാശ്, ഷിബു, സുനിൽലാൽ, സജു, ഷൈനി കുമാരി, നെവിൽ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അറസ്റ്ര് വാർത്ത അറിഞ്ഞതോടെ കൂടുതൽപേർ പരാതിയുമായി എത്തുന്നുണ്ട്. ഇയാൾ സംസ്ഥാനത്തിന് പുറത്തു തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. തുടരന്വേഷണത്തിന് പാലോട് എസ്.എച്ച്.ഒ സി.കെ. മനോജ് ഉൾപ്പെടെ എട്ടംഗ സംഘത്തെ നിയോഗിച്ചു.