dd

തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കിടെയുണ്ടായ അപകടത്തിൽ പത്തൊൻപതുകാരന്റെ മലദ്വാരത്തിനുള്ളിലൂടെ വയറ്റിൽ തറഞ്ഞ മരക്കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ് ഹെൽത്ത്. സി.ടി സ്കാനിലാണ് മലദ്വാരത്തിലൂടെ കയറിയ മരക്കഷണം വൻകുടൽ, പ്രോസ്റ്റേറ്റ് എന്നിവയ്ക്കിടയിലൂടെ കടന്ന് മൂത്രസഞ്ചിക്കുള്ളിലായതായി കണ്ടെത്തിയത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ അടുത്തായി പ്രധാന രക്തധമനികളെ എപ്പോൾ വേണമെങ്കിലും മുറിപ്പെടുത്താവുന്ന രീതിയിലായിരുന്നു ഇത്. അപൂർവമായി ജന്മനാ കാണപ്പെടുന്ന പാരാഡ്യൂയോഡെനൽ ഹെർണിയയും രോഗിക്കുള്ളതായി സ്‌കാനിംഗിൽ കണ്ടെത്തി. ഇവയാണ് ശസ്ത്രക്രിയയിലൂടെ ഭേദമാക്കിയത്. കിംസ്‌ ഹെൽത്ത് ജനറൽ ആൻഡ് മിനിമൽ ആക്സസ് സർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. സനൂപ് കെ. സക്കറിയ, യൂറോളജിസ്റ്റ്‌ ഡോ. എസ്.ആർ. സുദിൻ, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ്‌ ഡോ. വർഗീസ് എൽദോ, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ്‌ ഡോ. മധു ശശിധരൻ, അനസ്‌തെറ്റിസ്റ്റ്‌ ഡോ.എ. ഹാഷിർ എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.