പാറശാല: 69കാരിയായ വൃദ്ധയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പാറശാല പൊലീസിന്റെ പിടിയിലായി. ഉദിയൻകുളങ്ങരയ്ക്ക് സമീപം വട്ടവിള പനവിള വീട്ടിൽ രതീഷാണ് (37) അറസ്റ്റിലായത്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് നേരെ ഇന്നലെ വൈകിട്ട് 6.30നായിരുന്നു യുവാവിന്റെ പീഡന ശ്രമം.

അവിവാഹിതനായ ഇയാൾ ഉച്ചയ്ക്ക് രണ്ട് പ്രാവശ്യം ഇവരുടെ വീട്ടിലെത്തി വെള്ളം ആവശ്യപ്പെട്ടെങ്കിലും വെള്ളം കൊടുക്കില്ലെന്ന് പറഞ്ഞ് വീട്ടമ്മ ഇയാളെ പുറത്താക്കി. എന്നാൽ വൈകിട്ട് മതിൽ ചാടി കടന്നെത്തിയ ഇയാൾ വീണ്ടും വെള്ളം വേണമെന്നാവശ്യപ്പെട്ടു. തുടർന്നാണ് പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. തുടർന്ന് വൃദ്ധ ബഹളം വയ്ക്കുകയും യുവാവിനെ തള്ളി പുറത്താക്കുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പാറശാല പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ പ്രതി കൃത്യം നിഷേധിച്ചെങ്കിലും വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് എസ്.ഐ സതികുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.