നെയ്യാറ്റിൻകര: നെല്ലിമൂട് വെൺപകൽ ചുണ്ടവിളാകം ലക്ഷംവീട് കോളനിയിൽ ശ്യാമള (70) മരിച്ചത് തലയടിച്ച് വീണതിനെ തുടർന്നെന്ന് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് ശ്യാമളയെ കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് രാത്രിയിൽ ചെറുമകളുടെ ഭർത്താവായ ബിജുമോനും ശ്യാമളയും തമ്മിൽ വാക്കുതർക്കമുണ്ടായതായും ഇതിനിടെ ശ്യാമളയ്ക്ക് മർദ്ദനമേറ്റതായും ബന്ധു നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ശ്യാമളയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.