തിരുവനന്തപുരം: മഹാപ്രളയം വന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും പ്രളയത്തിൽ തകർന്ന സംസ്ഥാനത്തെ പുനർനിർമ്മിക്കാനുള്ള പദ്ധതിയായ റീബിൽഡ് കേരളയ്ക്ക് സർക്കാർ അനാസ്ഥമൂലം ഒച്ചിഴയുന്ന വേഗം. സെമിനാറുകളും,പഞ്ചനക്ഷത്ര ഒാഫീസിലിരുന്ന് ആസൂത്രണം ചെയ്തും വിദേശത്ത് പോയി പഠിച്ചും തയ്യാറാക്കിയ റീബിൽഡ് കേരള ഇതുവരെ സമർപ്പിച്ചത് 1805കോടി രൂപയുടെ പദ്ധതി. ഭരണാനുമതി ലഭിച്ചത് 807കോടിയുടെ പദ്ധതിക്ക്. ചെലവഴിച്ചത് 627.87കോടിയും.
2018ൽ 13ജില്ലകളെ വിഴുങ്ങുകയും, 488 പേരുടെ ജീവനെടുക്കുകയും ചെയ്ത മഹാപ്രളയത്തിൽ സർക്കാർ കണക്ക് പ്രകാരം പൊതുനഷ്ടം 26,718 കോടിയാണ്. ഇത് പുനർനിർമ്മിക്കാൻ റീബിൽഡ് കേരള ലക്ഷ്യമിട്ടത് 31,000 കോടിയുടെ നിർമ്മാണം. 912.45കോടിയുടെ സഹായം ദുരതാശ്വാസ നിധിയിലേക്ക് എത്തിയപ്പോൾ,സർക്കാർ പൊതുജനങ്ങൾക്ക് 3881.94കോടി രൂപ വിതരണം ചെയ്തു. ഏഴു ലക്ഷത്തോളം പേർക്ക് പ്രയോജനം കിട്ടി.
എന്നാൽ, പദ്ധതി ഇഴയാൻ തുടങ്ങിയതോടെ സഹായങ്ങളും നിലച്ചമട്ടാണ്.
കേന്ദ്രസർക്കാർ 3048 കോടി നൽകിയപ്പോൾ, ചെലവിന്റെ കണക്ക് നൽകിയത് 900കോടിയുടേത് മാത്രം.ഇതോടെ കേന്ദ്ര സഹായം നിറുത്തി.ലോകബാങ്ക് സഹായത്തിന്റെ ആദ്യഗഡുവായ 1726കോടി പണമായി കിട്ടിയത് വകമാറി ചെലവഴിച്ചതോടെ രണ്ടാംഗഡു മാറ്റിവച്ചു.ജർമ്മൻ ബാങ്കിന്റെ 1400 കോടിയുടെ സഹായത്തിന്റെ സ്ഥിതിയും ഇത് തന്നെ. പ്രളയത്തെ പ്രതിരോധിക്കാനും,തടയാനുമുള്ള ക്രിയാത്മക പദ്ധതികൾ റീബിൽഡ് കേരളയിൽ ഇല്ലെന്നും ആക്ഷേപമുണ്ട്.
ലഭിച്ച സഹായം
(കോടി)
₹കേന്ദ്രം- 3048.39
₹ലോകബാങ്ക് - 1726
₹ജർമ്മൻബാങ്ക്- 1400
₹പ്രളയസെസ്- 1750
₹പൊതുജനം- 3096.33
₹സാലറിചലഞ്ച്- 1347.58
₹സഹ.വകുപ്പ്- 52.69
₹മദ്യസെസ് - 308.68
₹സർക്കാർ വിഹിതം -107.17
₹ആകെ- 12,836.84
ചെലവാക്കിയത്
(കോടി)
₹കേന്ദ്ര വിഹിതം - 900
₹ദുരിതാശ്വാസം- 3881.94
₹റീബിൽഡ് കേരള പദ്ധതിക്കായി- 807
₹ആകെ- 5588.94