കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കലിന് സമീപം ട്രയിലറും ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ട്രയിലറിന്റെ ഡ്രൈവർ ഹരിയാന സ്വദേശി സുഹൈൽ (20), കാറിന്റെ ഡ്രൈവർ കൊല്ലം എസ്.എൻ പുരം പൂച്ചെടിവിള തെക്കേതിൽ വീട്ടിൽ ബിജുകൊച്ചുമ്മൻ (48), ബന്ധുവായ കാനാവിൽ വീട്ടിൽ ഗീവർഗീസ് (73), ബസ് ഡ്രൈവർ ആലുവ മങ്കുഴി വീട്ടിൽ രാജീവ് (47), കണ്ടക്ടർ വിഴിഞ്ഞം മുല്ലൂർ എൽ.എസ് ഭവനിൽ ശ്രീകുമാർ (52), ബസ് യാത്രക്കാരായ കഴക്കൂട്ടം സ്വദേശി ലതിക (50), പേരക്കുട്ടി അവതീഷ് (4) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.10നായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുവിനെ വിട്ടശേഷം കൊല്ലത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും തൊട്ടുപിറകെ വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ട്രെയിലറും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലായിരുന്ന ട്രയിലർ പെട്ടെന്ന്‍ ബ്രേക്ക് ചെയ്തപ്പോൾ മുൻവശത്തെ കാബിൻ വലത്തോട്ട് തിരിഞ്ഞ് കാറിൽ ഇടിക്കുകയും കാറിന് പിന്നാലെ വന്ന ബസ് ട്രയിലറിന്റെ കാബിനിൽ ഇടിക്കുകയുമായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നാട്ടുകാരും, മറ്റ് വാഹനങ്ങളിലെ യാത്രികരും, കല്ലമ്പലം പൊലീസും, ഹൈവേ പൊലീസും, കല്ലമ്പലം ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. റിക്കവറി വാഹനം വരുത്തി ട്രെയിലർ കെട്ടിവലിച്ച് റോഡിൽ നിന്നുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.