
തിരുവനന്തപുരം: കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തിയപ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതി നാളെ (26) മസ്‌കറ്റ് ഹോട്ടലിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
പദ്ധതിയനുസരിച്ച് പ്രവാസികൾക്ക് അഞ്ചു ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ ലഭിക്കും. തുകയുടെ 25ശതമാനം സബ്സിഡിയായിരിക്കും. കൃത്യമായി തിരിച്ചടച്ചാൽ മൂന്ന് ശതമാനം പലിശസബ്സിഡി അധികമായി ലഭിക്കും. കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ടമായി കേരളബാങ്കിലൂടെയും പദ്ധതി നടപ്പാക്കും.
ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിക്കും. നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കോളശേരി, കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ സുബ്രഹ്മണ്യം വി.പി തുടങ്ങിയവർ സംബന്ധിക്കും.