തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളെയും ലാബുകളെയും കൊള്ളലാഭം കൊയ്യുന്നതിൽനിന്ന് തടയാനും സുതാര്യമായ സേവനം ഉറപ്പ് വരുത്താനും കൊണ്ടുവന്ന ലൈസൻസ് സംവിധാനം നടപ്പാക്കുന്നത് വൈകും.
2019ൽ ജനുവരി ഒന്നിന് നിയമം നടപ്പാക്കിയപ്പോൾ, താല്ക്കാലിക രജിസ്ട്രേഷൻ നടത്തി രണ്ടു വർഷത്തിനുള്ളിൽ ലൈസൻസ് നേടണമെന്നായിരുന്നു വ്യവസ്ഥ. കൊവിഡ് പശ്ചാത്തലത്തിൽ ഒരു വർഷം കൂടി സമയപരിധി നീട്ടി.ഇപ്പോൾ ഒരു വർഷം കൂടി നീട്ടുകയാണ്. ഫലത്തിൽ നാലുവർഷത്തിനുള്ളിൽ ലൈസൻസ് നേടിയാൽ മതി.പരമാവധി സമയം ലഭിക്കുന്നത് ഇത്തരം സ്ഥാപനങ്ങൾക്ക് ഗുണകരമാണെന്ന ആക്ഷേപമുണ്ട്.. സമയപരിധി നീട്ടാനുള്ള ബില്ല് ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
താത്കാലിക രജിസ്ട്രേഷൻ 6500
താത്കാലിക ലൈസൻസിനായി 6500ൽ അധികം മെഡിക്കൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആകെ എത്ര സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന കണക്ക് കൗൺസിലിന് ലഭ്യമായിട്ടില്ല.
സ്ഥിരം ലൈസൻസ് മാനദണ്ഡം
ചികിത്സാ ചെലവ് വെബ്സൈറ്റിൽ ഉൾപ്പെടെ പരസ്യപ്പെടുത്തണം
ചികിത്സാ ചെലവ് വിവരം രോഗിയോ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ നൽകണം.
രോഗം മൂർച്ഛിച്ചാൽ ഫലപ്രദമായ ചികിത്സ ലഭിക്കുന്നിടത്തേക്ക് മാറ്റേണ്ട ഉത്തരവാദിത്വം ആശുപത്രികൾക്ക്
അമിത നിരക്ക് ഈടാക്കിയാൽ രോഗികൾക്ക് പരാതിപ്പെടാം.
നിയമലംഘനത്തിന് അഞ്ച് ലക്ഷം രൂപ വരെ പിഴ
കുറ്റം ഗുരുതരമാണെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കും
'മൂന്നുമാസത്തിനുള്ളിൽ സ്ഥിരം രജിസ്ട്രേഷനുള്ള നടപടികൾ ആരംഭിക്കും. ഓരോ സ്ഥാപനത്തിലും പരിശോധന നടത്തി മാനദണ്ഡങ്ങൾ ഉറപ്പാക്കും".
-ഡോ. സനിൽകുമാർ, സെക്രട്ടറി,
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ