thakarnna-nilayil-

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം മുസ്ലീം പള്ളിക്ക് സമീപം കോഴിത്തീറ്റയുമായി പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പിന്നിൽ മത്സ്യവുമായി പോകുകയായിരുന്ന മിനി ലോറി ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. മിനി ലോറിയിലെ ഡ്രൈവർ എറണാകുളം പറവൂർ സ്വദേശി അഖിലിനും (35) സഹായിക്കുമാണ് പരിക്കേറ്റത് .ഇന്നലെ പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. പറവൂരിൽ നിന്നും മത്സ്യവുമായി എത്തിയ മിനി ലോറി കൊല്ലത്ത് നിന്ന് വെമ്പായത്തേക്കു കോഴിത്തീറ്റയുമായി പോകുകയായിരുന്ന ചരക്കുലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാബിൻ തകർന്നതോടെ ഡ്രൈവർ സ്റ്റിയറിംഗ്‌ വീലിന് പിന്നിൽ കുടുങ്ങി. സഹായിക്കും സാരമായി പരിക്കേറ്റിരുന്നു.

ഈ സമയം ഇതുവഴി പത്രവിതരണത്തിനായി പോകുകയായിരുന്ന കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽകുമാർ കല്ലമ്പലം പൊലീസും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഇവരെത്തിയാണ് ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്തോടെ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സുലൈമാൻ, റസ്ക്യു ഓഫീസർമാരായ സലീഷ്, ശംഭു, വിപിൻ, അനീഷ്, ഹോംഗാർഡ് ജയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.