വിഴിഞ്ഞം: കടൽക്കാഴ്ചകൾക്കൊപ്പം കായൽക്കാഴ്ചകൾ കാണാൻ പുതിയ റോഡ് വരുന്നു. വെള്ളായണി കായലിനെയും രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തെയും ബന്ധിപ്പിച്ചാണ് ആധുനികവത്കരിച്ച റോഡ് വരുന്നത്. നിലവിൽ കോവളം ജംഗ്ഷന് സമീപം ആഴാകുളം വഴി വെള്ളായണി കായലിലേക്ക് പോകുന്ന റോഡാണ് വീതി കൂട്ടാൻ നടപടികളായത്.
രൂപകല്പനയോട് അനുബന്ധിച്ച അവലോകന സർവേ ജോലികളും നടത്തി. ആഴാകുളം മുതൽ മുട്ടയ്ക്കാട് വരെ റോഡ് 12 മീറ്റർ വീതിയിലും തുടർന്ന് തെറ്റിവിള വരെയുള്ള ഭാഗത്ത് 10 മീറ്റർ വീതിയിലുമാണ് നിലവിലുള്ള റോഡിനെ നവീകരണം നടത്തി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
കേബിൾ, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കുന്നതിനുള്ള ഡക്ടുകൾ എന്നിവയും നിർമിക്കും. ഇവിടെ ഡ്രെനേജുകൾ ഉണ്ടാകും. പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കൽ വേണ്ടിവരും. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പരുകൾ ശേഖരിച്ച് വെങ്ങാനൂർ, കല്ലിയൂർ വില്ലേജുകളിൽ നൽകിയിട്ടുണ്ടെന്നും സ്ഥലത്തിന്റെ ബ്ലോക്ക് തിരിച്ചുള്ള സ്കെച്ച് ലഭിച്ചാലുടൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന് വേണ്ടി ലാന്റ് അക്വിസിഷൻ തഹസിൽദാരെ ഏല്പിക്കുമെന്നും അധികൃതർ പറഞ്ഞു. നടപടികൾ പൂർത്തിയായാൽ ഏറ്റെടുക്കുന്ന ഭാഗം നിർണയിച്ചു സർവേക്കല്ലുകൾ സ്ഥാപിക്കും. തുടർന്ന് റവന്യു വിഭാഗത്തിന്റെ വിലനിർണയ നടപടികൾ അനുസരിച്ചു ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കി ഏറ്റെടുക്കൽ ആരംഭിക്കും. ആറു മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.
7 കിലോ മീറ്ററിലായി പൂർത്തിയാക്കുന്നത് കിഫ്ബി മാനദണ്ഡമനുസരിച്ചുള്ള മാതൃകാ റോഡ്
ആഴാകുളം മുട്ടയ്ക്കാട് - പനങ്ങോട്, കാട്ടുകുളം - നെല്ലിവിള, തെറ്റിവിള റോഡാണ് വീതി കൂട്ടി നവീകരിക്കുന്നത്
പദ്ധതി ചെലവ് - 35 കോടി
റോഡ് പൂർണമായും റബറൈസ്ഡ്
നടപ്പാത ടൈലുകൾ പാകി സൗന്ദര്യവത്കരിക്കും
സഞ്ചാരികളെ ഇതിലേ
കോവളത്ത് എത്തുന്ന സഞ്ചാരികളെ വെള്ളായണി കായൽ പ്രദേശത്തേക്ക് കൂടി ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. കിഫ്ബിയിൽ നിന്ന് ഏകദേശം 35 കോടിയോളം രൂപ വകയിരുത്തിയുള്ള പാത നവീകരണത്തിന്റെ ആദ്യഘട്ട സർവേ ജോലികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയായിരുന്നു.
സർവേ പൂർത്തിയായി
ആധുനിവത്കരിക്കുന്ന റോഡ് നിർമാണത്തിന്റെ രൂപകല്പന സർവേ പൂർത്തിയായി. രൂപകല്പന അവലോകനത്തിന് ശേഷം അലൈമെന്റ് ഡിസൈൻ പൂർത്തിയാക്കി. രൂപകല്പനയുടെ സാദ്ധ്യതാപഠന റിപ്പോർട്ട് അടുത്ത ആഴ്ച തന്നെ ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
പ്രതികരണം:
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഭാവിയിൽ ഈ പ്രദേശത്തെ മികച്ച ഗതാഗത സൗകര്യമുള്ള റോഡായി ഇത് മാറും
എം. വിൻസന്റ് എം.എൽ.എ