തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയ്ക്കൊപ്പം രണ്ട് അണ്ടർപാസുകൾ കൂടി നിർമ്മിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിട്ടി. ടെക്നോപാർക്ക് ഫേസ് ത്രീക്ക് സമീപത്തു നിന്നാണ് അണ്ടർപാസുകൾ നിർമ്മിക്കുക. ഇവിടത്തെ തിരക്ക് ഒഴിവാക്കി ഗതാഗതം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം. എത്രയും പെട്ടെന്ന് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ പറഞ്ഞു. എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂർത്തിയായ സാഹചര്യത്തിലാണ് അണ്ടർപാസിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ വ്യക്തമാക്കിയത്. കഴക്കൂട്ടം മുതൽ 2.71 കിലോമീറ്ററിലുള്ള എലിവേറ്റഡ് ഹൈവേയുടെ 1.6 കിലോമീറ്റർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കൂടുതൽ ജോലിക്കാരെ ഉൾപ്പെടുത്തി ജോലികൾ ത്വരിത ഗതിയിൽ മുന്നോട്ടു നീക്കാനാണ് പദ്ധതി.
ചെലവ് 27 കോടി രൂപ
200, 300 മീറ്റർ വീതം നീളവും 15 മീറ്റർ വീതം വീതിയുമുള്ള രണ്ട് അണ്ടർ പാസുകൾക്ക് 27 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാകും ഇതിന്റെ ചെലവ് വഹിക്കുക. ടെക്നോപാർക്ക് പ്രദേശത്ത് നിലനിൽക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് അണ്ടർപാസ് നിർമ്മാണം. അണ്ടർപാസ് ആവശ്യം പ്രാദേശികമായി ഉയർന്നതാണെന്നും നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ അറിയിച്ചു. നിർമ്മാണങ്ങൾ മേയോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് നീക്കം.