നെടുമങ്ങാട്: പഴയ ബസുകൾ ഡിസ്‌പ്ളേയാക്കി നെടുമങ്ങാട് ഡിപ്പോ പരിസരത്ത് ഫുഡ് കോർട്ട് ആൻഡ് ഷോപ്പ് ഔട്ട്ലെറ്റ് തുറക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കം വെളുക്കാൻ തേച്ചത് പാണ്ടായതുപോലെ. ഫുഡ് കോർട്ട് വന്നതുമില്ല ഇതിനായി പൊതുനിരത്തിനോട് ചേർന്ന് സ്ഥാപിച്ച ബസുകളുടെ മറ യാത്രക്കാർക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലമായി മാറുകയും ചെയ്തു. ഇതുകാരണം മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഓട്ടം അവസാനിപ്പിച്ച പഴയ ഓർഡിനറി ബസുകളാണ് ഫുഡ് കോർട്ടിനായി നിറംമാറ്റി ഡിപ്പോയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ
മാസങ്ങൾ പിന്നിട്ടിട്ടും ലേല നടപടികൾ ഉണ്ടാകാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്.കൊതുകും ഈച്ചയും മുട്ടിയിട്ട് പെരുകുന്ന ഇവിടം ഇതര സംസ്ഥാന തൊഴിലാളികളുടെ വഴിവാണിഭത്തിനും വേദിയാവുന്നു. കഴിഞ്ഞ വർഷം ഡിപ്പോ സന്ദർശിച്ച കെ.എസ്.ആർ.ടി.സി എം.ഡി ഡോ.ബിജു പ്രഭാകറിന്റെ നിർദേശ പ്രകാരമാണ് ബസ് ഫുഡ് കോർട്ട് സ്ഥാപിച്ചത്. ഇതിന്റെ നടത്തിപ്പിനായി സർക്കാർ, സ്വകാര്യ സംരംഭകരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കാൻ നിർദ്ദേശം ലഭിച്ചിട്ടും ഡി.ടി ഓഫീസ് അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.
സ്കൂൾ തുറപ്പിന് മുന്നോടിയായി പൊതുഇടങ്ങളുടെ ശുചീകരണം തകൃതിയായി മുന്നേറുമ്പോൾ മാലിന്യകേന്ദ്രമായി മാറുന്ന ബസ് ഫുഡ് കോർട്ടും പരിസരവും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഡിപ്പോയിൽ എ.ടി.എം സൗകര്യവും സാമൂഹ്യ വിരുദ്ധശല്യത്തിന് പരിഹാരമായി സി.സി.ടി.വി കാമറകളും സ്ഥാപിക്കാനുള്ള നടപടികളും പാഴായി. 30 നിരീക്ഷണ കാമറകൾക്ക് ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
വിദ്യാർത്ഥികൾ പെരുവഴിയിലാകുമോ?
സ്കൂൾ തുറക്കാനിരിക്കെ, വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തെക്കുറിച്ചും ഡിപ്പോ അധികൃതർക്ക് മിണ്ടാട്ടമില്ല. മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ആനാട്, ഉഴമലയ്ക്കൽ, അരുവിക്കര, സ്കൂളുകളും കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചാണ് പ്രവർത്തിക്കേണ്ടത്. ഉൾപ്രദേശങ്ങളിലെ റൂട്ടുകളിൽ ബസ് സർവീസ് കാര്യക്ഷമമാക്കാതെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്താൻ കഴിയില്ല. ഇതിനുള്ള സൗകര്യം ഇനിയും ഒരുക്കാത്തതാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്.
ബസുകളുടെ എണ്ണവും കുറവ്
ആകെ 56 സർവീസാണ് ഇവിടെ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിനായി 44 ബസുകളാണ് ഡിപ്പോയിലുള്ളത്. പാർക്കിംഗ് സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി 12 ബസുകൾ പാറശാല, ഈഞ്ചയ്ക്കൽ ഡിപ്പോകളിലേക്ക് മാറ്റി. സൂപ്പർ ഫാസ്റ്റുകളിൽ ഒന്ന് നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് കൈമാറിയിട്ടും അധികനാളായില്ല. ഡിപ്പോയുടെ സുഗമമായ പ്രവർത്തനത്തിന് ഇനിയും 15 ബസുകൾ കൂടി ആവശ്യമാണ്. 70 ഓളം ബസുകളും 6 ലക്ഷത്തിലേറെ പ്രതിദിന കളക്ഷനും ഉണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ നാല് ലക്ഷത്തിൽ താഴെയാണ് കളക്ഷൻ.
പാർക്കിംഗ് സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി 12 ബസുകൾ പാറശാല, ഈഞ്ചയ്ക്കൽ ഡിപ്പോകളിലേക്ക് മാറ്റി. സൂപ്പർ ഫാസ്റ്റുകളിൽ ഒന്ന് നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് കൈമാറിയിട്ട് അധിക നാളായില്ല. നിലവിൽ 44 ബസാണ് ഡിപ്പോയെ താങ്ങി നിറുത്തുന്നത്. ഇവയിൽ 6 ഉം ദീർഘദൂര സൂപ്പർ ഫാസ്റ്റുകളാണ്. ഫാസ്റ്റ് പാസഞ്ചർ - 7 എണ്ണം, സിറ്റി ഫാസ്റ്റ് - 8,ജെൻട്രം - 2. ശേഷിക്കുന്ന 32 ബസുകളാണ് ഓർഡിനറി സർവീസിന് സജ്ജമാക്കിയിട്ടുള്ളത്