തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചുവപ്പിനെക്കാൾ താത്പര്യം കാവിയോടാണെന്ന് കെ.മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്രമോദിയും അമിത്ഷായും കഴിഞ്ഞാൽ കോൺഗ്രസിന്റെ നാശം ആഗ്രഹിക്കുന്നത് പിണറായി വിജയനാണ്. അതാണ് ദേശീയ തലത്തിൽ കോൺഗ്രസ് സഹകരണത്തെ എതിർക്കുന്നത്. പകൽ കമ്മ്യൂണിസ്റ്റും രാത്രി ബി.ജെ.പിക്കാരനുമായ കേരളത്തിലെ നേതാവാണ് പിണറായി വിജയൻ. കർഷകസമരത്തെക്കുറിച്ച് അഭിപ്രായം പറയാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രിയാണ് അദ്ദേഹം. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് കാരണമാണ് ലാവ്ലിൻ കേസ് നീണ്ടുപോകുന്നത്
കെ.പി.സി.സി ലിസ്റ്റ് വന്നതിനാൽ അക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് ഇനിയില്ല. പാർട്ടി വേദികളിൽ അപാകതകൾ ചൂണ്ടിക്കാട്ടും. സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ പിന്നെ പരാതികൾ ഉണ്ടാകില്ല.
കെ.റെയിൽ എന്ന പകൽക്കൊള്ള പദ്ധതിക്ക് വേണ്ട വൻതുക എവിടെ നിന്നാണ് കിട്ടുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. പ്രളയ ഫണ്ടിന് കാശില്ലാത്ത സർക്കാർ പദ്ധതിക്കായുള്ള തുക എവിടെ നിന്നാണ് കണ്ടെത്തുന്നത്. പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്നതിന് പിന്നിൽ പ്രത്യേക താത്പര്യമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എക്സ്പ്രസ് ഹൈവേ എതിർത്തവരാണ് സിൽവർ ലൈൻ നടത്താൻ ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.