നെടുമങ്ങാട്: അപൂർവമായി കാണപ്പെടുന്ന പുള്ളിച്ചുണ്ടൻ താറാവിനെ ആറ്റിങ്ങൽ ചിറമൂലയ്ക്ക് സമീപം പുതുച്ചിറയിലുള്ള വയലിൽ നിന്ന് പക്ഷിനിരീക്ഷകർ കണ്ടെത്തി. തവിട്ടുകലർന്ന വെള്ളനിറമാണ് മറ്റ് താറാവുകളിൽ നിന്ന് പുള്ളിച്ചുണ്ടനെ വ്യത്യസ്തനാക്കുന്നത്. തവിട്ടുനിറത്തിലുള്ള ശരീരത്തിൽ വെള്ള പുള്ളികളും വെള്ളയും തിളക്കമാർന്ന പച്ചനിറവും കലർന്ന ചിറക് അടയാളങ്ങളുമാണ് ഇവയ്ക്കുള്ളത്. കറുത്തചുണ്ടും അഗ്രത്തിലുള്ള മഞ്ഞനിറവുമാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. പക്ഷി നിരീക്ഷകരായ അനൂപ് പാലോട്, സുരാജ് ചൂടൽ, ആർ.ജി. കിരൺ, അബിൻ രാജ്, പി. സുജിത്ത്, സുരേന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് പുള്ളിച്ചുണ്ടൻ താറാവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോല നേച്ചർ സൊസൈറ്റി എന്ന സംഘടനയിലെ അംഗങ്ങളാണിവർ.