തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വനിതാ ശിശു വികസന ഡയറക്ടറുടെ ചുമതലയുള്ള ടി.വി അനുപമ വിളിച്ചുവരുത്തി വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണിത്. റിപ്പോർട്ട് ഉടൻ മന്ത്രി വീണാ ജോർജിന് സമർപ്പിക്കും. നിയമപരമായ കാര്യങ്ങൾ മാത്രമാണ് ശിശുക്ഷേമ സമിതി ചെയ്തതെന്ന് ഷിജുഖാൻ വിശദീകരിച്ചു. വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും ഷിജുഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വ്യാജരേഖകളുണ്ടാക്കി താൻ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് പരാതിപ്പെട്ടിട്ടും അത് വകവയ്ക്കാതെ ദത്ത് നടപടികൾ ബോധപൂർവം വേഗത്തിലാക്കി എന്നാണ് ശിശുക്ഷേമ സമിതിക്കെതിരായ കുഞ്ഞിന്രെ അമ്മ അനുപമയുടെ പരാതി. സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമായ തന്റെ അച്ഛൻ പി.എസ്.ജയചന്ദ്രന്റെ ആവശ്യപ്രകാരം ഷിജുഖാൻ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നും അനുപമ ആരോപിക്കുന്നു.
ഷിജുഖാനെതിരെ നടപടി, ചർച്ച തുടങ്ങി
സംഭവത്തിൽ ഷിജുഖാനെതിരെ നടപടിയെടുത്ത് താത്കാലിക പരിഹാരം കാണാൻ സി.പി.എം ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് സൂചന. പാർട്ടിയിൽ തരംതാഴ്ത്തിയേക്കും. ലോക്കൽ കമ്മിറ്റിയംഗമായ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയും നടപടി എടുക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുന്നുണ്ട്.
അനുപമയുടെ അമ്മ ഉൾപ്പടെ
അഞ്ചുപേർ മുൻകൂർ ജാമ്യം തേടി
തിരുവനന്തപുരം: അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ പരാതിക്കാരിയായ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചുപേർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ പിതാവ് പി.എസ്.ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. ഹർജി ഈ മാസം 28ന് കോടതി പരിഗണിക്കും.
പേരൂർക്കട പൊലീസ് പിതാവ് ജയചന്ദ്രനടക്കം ആറുപേരെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ജയചന്ദ്രൻ മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് എന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. മാത്രമല്ല സഹോദരി അഞ്ജുവിന്റെ കല്യാണം നടന്നത് കുഞ്ഞിനെ കൈമാറിയ ശേഷമാണ്. വിവാഹത്തിൽ അനുപമ വളരെ സന്തോഷവതിയായി പങ്കെടുത്തതിന് തെളിവുണ്ട്. അനുപമയെ വീട്ടുതടങ്കലിലാക്കിയിരുന്നു എന്ന വാദം ശരിയല്ല.
അനുപമയും അജിത്തും ഭാര്യാ ഭർത്താക്കന്മാരായിരുന്നില്ല. ലീവിംഗ് ടുഗെദർ ആയിരുന്നു. അജിത്തിന്റെ ആദ്യ വിവാഹ മോചനം കഴിഞ്ഞ് ഇവർ ഒന്നിച്ച ശേഷമാണ് കുഞ്ഞിന്റെ ആവശ്യവുമായി രംഗത്ത് വന്നത്. കുഞ്ഞിനെ കൈമാറി ആറുമാസം കഴിഞ്ഞാണ് അനുപമ പരാതി ഉന്നയിച്ചതെന്ന വാദവും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ ജനനരേഖകൾ ശേഖരിച്ചു
അനുപമയുടെ കുഞ്ഞിന്റെ ജനനരേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം നടന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കാട്ടാക്കട പഞ്ചായത്തിൽ നിന്നുമാണ് രേഖകൾ ശേഖരിച്ചത്. ശിശുക്ഷേമ സമിതിയിൽ നിന്നും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇവ അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്ന് പേരൂർക്കട സി.ഐ സജികുമാർ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ലഭിച്ചതിന്റെ രേഖകൾ പൊലീസ് നേത്തെ ശേഖരിച്ചിരുന്നു. എന്നാൽ ദത്ത് നൽകിയതിന്റെ രേഖകൾ ലഭിച്ചിട്ടില്ല. അനുപമയുടെ വീട്ടുകാർ ഉൾപ്പെടെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതിനാൽ കോടതി നിർദ്ദേശ പ്രകാരമാകും ഇവരെ പൊലീസ് വിളിപ്പിച്ച് മൊഴിയെടുക്കുക.
സർക്കാർ ഹർജി
ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനൽകിയ സംഭവം വിവാദമായതിനെ തുടർന്ന് ദത്ത് നടപടികൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി ഇന്ന് കുടുംബ കോടതി പരിഗണിക്കും. ആന്ധ്രാപ്രദേശ് സ്വദേശികൾക്കാണ് കുഞ്ഞിനെ ദത്ത് നൽകിയത്. നിരീക്ഷണ കാലവധി കഴിഞ്ഞതിനാൽ കുഞ്ഞിന്റെ അവകാശവും സംരക്ഷണവും ദത്തെടുത്തവർക്ക് നിയമപരമായി ലഭിക്കുന്നതിനുള്ള നടപടിയിൽ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് സർക്കാർ ഹർജി സമർപ്പിച്ചത്. വഞ്ചിയൂർ കുടുംബ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കുഞ്ഞിന് അവകാശവാദവുമായി മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ കോടതി ദത്ത് നൽകുന്ന കേസിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് സർക്കാർ ഹർജിയിലെ ആവശ്യം. എന്നാൽ കോടതി വിധി പറയുന്നത് വരെ കുട്ടിയുടെ സംരക്ഷണ ചുമതല ആന്ധ്രാ സ്വദേശികൾക്ക് ആയിരിക്കും.