kula

കാട്ടാക്കട: കർഷകരെ സഹായിക്കാനുള്ള സർക്കാർ സംവിധാനമായ വി.എഫ്.പി.സി കെയിൽ രണ്ട് ടെണ്ണോളം വാഴക്കുലകൾ അഴുകി നശിക്കുന്നു.പൂവച്ചൽ പഞ്ചായത്തിലെ പട്ടകുളം വിപണിയിലാണ് രണ്ടാഴ്ചക്കിടെ എത്തിയ രണ്ട് ടെണ്ണോളം വരുന്ന വിവിധയിനം വാഴക്കുലകൾ പഴുത്ത് കിടക്കുന്നത്. വില്പന നടക്കാത്തതിനാൽ പഴുത്ത കുലകൾ പലതും അഴുകിത്തുടങ്ങിയെന്നാണ് കർഷകർ പറയുന്നത്.

കാട്ടാക്കട,പൂവച്ചൽ,കള്ളിക്കാട് മേഖലകളിൽ മംഗലക്കൽ,കാട്ടാക്കട,പട്ടകുളം എന്നിവിടങ്ങളിലാണ് വി.എഫ്.പി. സി.കെ പ്രവർത്തിക്കുന്നത്.ഇവയിൽ പട്ടക്കുളത്തുള്ള വി.എഫ്.പി.സി കെയുടെ സബ് സെന്ററിലാണ് രണ്ട് ടെണ്ണോളം വരുന്ന എത്തൻ,കപ്പ, പാളയംകോടൻ,രസകദളി,റോബസ്റ്റ,കാവേരി,ചിങ്ങൻ എന്നീ ഇനങ്ങളിലെ കുലകൾ പഴുത്തു ചീഞ്ഞു നശിക്കുന്നത്.വിപണിയിൽ കുലകൾ എത്തിച്ച കർഷകർ ദിവസവും ഇവിടെയെത്തി വിറ്റുപോയോ എന്നറിയാൻ മണിക്കൂറുകൾ കാത്തുനിന്ന ശേഷം കണ്ണീരോടെ മടങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ കാണാനാകുന്നത്.

പലരും സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിലും സ്വർണപ്പയവും ബാങ്ക് വായ്‌പയും എടുത്താണ് കൃഷിചെയ്യുന്നത്.ഒരു മൂട് വാഴ നട്ട് വിപണിയിൽ കുല എത്തിക്കുന്നതിന് 240 ഓളം രൂപയാണ് ചെലവ് വരുന്നത്. ഈ സ്ഥിതി തുടർന്നാൽ ചെലവാക്കിയ കാശ് പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.

കുലകളുടെ വിലനിലവാരം.

എത്തൻ.............................45.

കപ്പ....................................44.

പാളയംകോടൻ ..................20.

രസകദളി........................... 47.

റോബസ്റ്റ............................25.

കാവേരി............................. 22.

ചിങ്ങൻ................................25

കർഷകർ തുറന്നു പറയുന്നു

ആറു മുതൽ പത്തുകിലോയോളം തൂക്കമുള്ള കുലയൊന്നിന് ഇരുനൂറുരൂപ പോലും ഇപ്പോൾ ലഭിക്കില്ല.

വിറ്റാൽത്തന്നെ കൊണ്ടുവന്നതിൽ ഭൂരിഭാഗവും കളയേണ്ടി വന്നതിനാൽ കൈയിൽ മിച്ചമെന്നും കാണില്ല.

.ഇതോടൊപ്പം ആയിരം രൂപയുടെ വിൽപ്പന നടക്കുമ്പോൾ അൻപത്‌ രൂപ വി.എഫ്.പി.സി.കെയ്ക്ക് നൽകുകയും വേണം.എന്നാൽ ഇത്തരം പ്രതിസന്ധി ഉണ്ടാകേണ്ട കാര്യം ഇല്ലെന്നും ഇവർക്ക് ആവശ്യമായ വിപണി ഹോർട്ടി കോർപ്പിലൂടെ തന്നെ കണ്ടെത്താമെന്നും ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും കർഷകർ പറയുന്നു.

ഹോർട്ടി കോർപ്പ് ഔട്ട് ലെറ്റുകളിൽ ഉൾപ്പെടെ വിതരണത്തിന് എത്തിക്കാൻ സൗകര്യം ഉണ്ടായിരിക്കെ ഇതെല്ലാം അവഗണിച്ചുള്ള ഉദ്യോഗസ്ഥരുടെ നിലപാടാണ് കർഷകരെ ഇത്തരത്തിൽ ദുരിതത്തിലാക്കിയതെന്ന് കർഷകർ തന്നെ തുറന്നു പറയുന്നു.

പ്രതികരണം.

കർഷകരുടെ പ്രശ്നങ്ങൾ അവഗണിച്ചുള്ള ഉദ്യോഗസ്ഥരുടെ നിലപാടാണ് കർഷകരെ ഇത്തരത്തിൽ ദുരിതത്തിലാക്കിയിരിക്കുന്നത്.കർഷകരുടെ ദുരിതത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കാൻ അധികൃതർ രംഗത്തുവരണം.

ജിജിത്,പൂവച്ചൽ ഗ്രാമ പഞ്ചായത്തംഗം.

.