തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുകയും പരമാവധി ജലനിരപ്പായ 142 അടിയിലേക്ക് ഉടൻ ഉയരാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം ഒഴുക്കി ജലനിരപ്പ് താഴ്ത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു. കേന്ദ്രസർക്കാരിനെയും വിവരമറിയിച്ചു. കഴിഞ്ഞ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്നാടിനെ വിവരമറിയിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2109 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. പുറത്തേക്ക് ഒഴുക്കിവിടുന്നത് കേവലം 1750 അടി മാത്രവും. ഇതേരീതിയിൽ മുന്നോട്ട് പോയാൽ
പരമാവധി നിരപ്പായ 142 അടിയിലെത്തിച്ചേരാൻ കാലതാമസമുണ്ടാകില്ലെന്നാണ് ആശങ്ക.
ഷട്ടറുകൾ തുറക്കുന്നത് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണം.
ഒക്ടോബർ 16 മുതൽ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. തുടർന്ന് ഇടുക്കി, ഇടമലയാർ ഡാമുകളിലെ ജലം 19ന് തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.