കുളത്തൂർ: കഞ്ചാവ് മൊത്തവിതരണകാരനടക്കം മൂന്നുപേരെ കഴക്കൂട്ടം എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട സ്വദേശി മീട്ടു എന്ന ഹുസൈൻ (25), വർക്കല സ്വദേശി റോബിൻസൺ (40), ചാന്നാങ്കര സ്വദേശി മുഹമ്മദ് ഹാരിസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഹുസൈൻ അണ്ടൂർക്കോണം ഗവ. ആശുപത്രിക്ക് സമീപം കഞ്ചാവ് വില്പനയ്ക്കെത്തിയപ്പോഴാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ഇയാളുടെ ബാഗിൽ നിന്ന് 1.3 കിലോ കഞ്ചാവ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം ചോദ്യംചെയ്തപ്പോഴാണ് മറ്റ് കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ചില്ലറ വില്പനക്ക് കഞ്ചാവ് പൊതികളാക്കിക്കൊണ്ടിരുന്ന റോബിൻസനെയും മുഹമ്മദ് ഹാരിസിനെയും പിടികൂടിയത്. ഇവരിൽ നിന്ന് 4.7 കിലോ കഞ്ചാവ് പിടികൂടി.