crime

വെഞ്ഞാറമൂട്: ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസിൽ നിന്ന് രക്ഷപ്പെടാൻ ഒന്നാംസാക്ഷിയും കൊല്ലപ്പെട്ടയാളിന്റെ മകനുമായ യുവാവിനെ വകവരുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കീഴായിക്കോണം വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടിൽ പുഷ്പാംദൻ, ഇയാളുടെ ഭാര്യാ സഹോദരൻ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വർഷങ്ങൾക്കിപ്പുറം അറസ്റ്റിലായത്.

2010ലാണ് കീഴായിക്കോണം കൈതറക്കുഴിയിൽ കമല കൊല്ലപ്പെടുന്നത്. ഇവരുടെ സഹോദരനായ പുഷ്പാംദനും ഭാര്യാ സഹോദരനും ചാരായം വാറ്റുന്നത് പൊലീസിനെ അറിയിച്ചത് കമലയാണെന്നുള്ള സംശയത്തിന്റെ പേരിൽ വാക്കേറ്റമുണ്ടാകുകയും. ഇതിനിടെ പ്രതികൾ കിണറ്റിൽ തള്ളിയിട്ട കമല കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസിന്റെ വിസ്താരം തുടരുന്നതിനിടെയാണ് 2015ൽ കമലയുടെ മകൻ പ്രദീപും (32)​ കൊല്ലപ്പെടുന്നത്. സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊലപാതകം. കീഴായിക്കോണം ഗ്രന്ഥശാലയ്ക്ക് സമീപമുള്ള ഇടറോഡിൽ കഴുത്തിൽ കൈലി മുണ്ട് മുറുക്കിയ നിലയിലാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം നീണ്ടുപോയി. ഇതിനിടെ കമലയുടെ കൊലപാതകത്തിലെ പ്രതികളായ പുഷ്പാംദനേയും വിനേഷിനേയും കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി 5 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ഇവർ പിന്നീട് ശിക്ഷാ ഇളവുനേടി പുറത്തിറങ്ങുകയായിരുന്നു.

തീർപ്പാകാതെ കിടന്ന പ്രദീപിന്റെ കൊലപാതകക്കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തുകയും പുഷ്പാംദനും വിനേഷും ചേർന്ന് അഭിലാഷ്, സുരേഷ് എന്നിവരുടെ സഹായത്തോടെ പ്രദീപിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.