p

തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.കാലാവസ്ഥയ്ക്കനുസരിച്ച് പ്രവൃത്തികൾക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിലാകും കലണ്ടറെന്നും പൊതുമരാമത്ത് കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു

ഈ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ എല്ലാ സംഘടനകളും നിലകൊള്ളണം. മൂന്ന് മാസത്തിലൊരിക്കൽ കരാറുകാരുടെ യോഗം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഓരോ റോഡിന്റേയും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏൽപ്പിക്കും പൊതുമരാമത്ത് മെയിന്റനൻസ് വിംഗ് ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥർക്കൊപ്പം കരാറുകാർക്കും ആവശ്യമായ പരിശീലനം നൽകുന്നതിനായി കെ.എച്ച്.ആർ.ഐ യിൽ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംഘടനാ പ്രതിനിധികൾ മന്ത്രിക്ക് പിന്തുണ അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോൻസ് ജോസഫ് എം. എൽ.എ, വി.കെ.സി മമ്മദ് കോയ, വർഗീസ് കണ്ണംപള്ളി, കെ.ജെ.വർഗീസ്, സണ്ണി ചെന്നിക്കര, ദിനേശ് കുമാർ, സുനിൽ പോള എന്നിവർ പങ്കെടുത്തു.