p

തിരുവനന്തപുരം: ഉല്പാദന ചെലവിന് ആനുപാതികമായി പച്ചക്കറിയുടെ അടിസ്ഥാന വില പുതുക്കി നിർണ്ണയിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിച്ച് അടിസ്ഥാന വിലയ്ക്കു പച്ചക്കറി ഏറ്റെടുക്കുന്ന പദ്ധതിയിൽ വില പുതുക്കി നിശ്ചയിക്കാൻ സർക്കാർ ആലോചന തുടങ്ങി. നിലവിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 16 ഇനം പച്ചക്കറികൾ കൂടാതെ കൂടുതൽ വിളകൾ പദ്ധതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിലനിർണയ ബോർഡിനെ മന്ത്രി പി.പ്രസാദ് ചുമതലപ്പെടുത്തി.

കഴിഞ്ഞ നവംബർ ഒന്നിന് ആരംഭിച്ച 16 ഇനം പച്ചക്കറികൾക്ക് അടിസ്ഥാന വില നൽകുന്ന പദ്ധതി ഏറെ ശ്രദ്ധയാമായിരുന്നു. രാജ്യത്താദ്യമായാണ് ഇത്തരം പദ്ധതി ഒരു സംസ്ഥാനത്ത് നടപ്പിലാക്കിയത്. നിശ്ചയിക്കപ്പെട്ട വിലയെക്കാൾ പച്ചക്കറികളുടെ വിപണിവില കുറഞ്ഞാൽ അവ സംഭരിച്ച് കർഷകന്റെ അക്കൗണ്ടിലേക്കു അടിസ്ഥാന വില കൈമാറുന്നതാണു പദ്ധതി. ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നീ ഏജൻസികൾ വഴിയാണു സംഭരണം നടത്തുക .

എന്നാൽ സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയെക്കാൾ കൂടുതലാണ് ചില വിളകളുടെ ഉൽപാദനച്ചെലവ് എന്ന് കർഷകർക്കിടയിൽ നിന്നും ആക്ഷേപമുയർന്നിരുന്നു . ഇതാണ് വില പുതുക്കി നിർണ്ണയിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കാരണം. പതിവായി വിലയിടിവു വരുന്ന ഇഞ്ചി, ചേന, ചേമ്പ് പോലെയുള്ള വിളകൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കർഷകർ ആവശ്യമുന്നയിച്ചിരുന്നു .മരച്ചീനി, നേന്ത്രൻ, കൈതച്ചക്ക, പടവലം, തക്കാളി തുടങ്ങിയ 16 ഇനം വിളകളാണ് നിലവിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.