കോവളം: കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിലെ അപൂർവ വെളിച്ചമാണ് മഹാത്മ അയ്യങ്കാളിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വെങ്ങാനൂർ അയ്യങ്കാളി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലുള്ള അയ്യങ്കാളി പ്രതിഭാ പുരസ്കാരം നടൻ ഇന്ദ്രൻസിന് കൈമാറുകയായിരുന്നു അദ്ദേഹം. അയ്യങ്കാളിയുടെ നാമധേയത്തിൽ ആരംഭിച്ച ഗവേഷണ കേന്ദ്രത്തിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത അദ്ദേഹം വെങ്ങാനൂരിനെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
പ്രസിഡന്റ് ഷാബു ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ, നഗരസഭാ കൗൺസിലർ സിന്ധു വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജൻ, കോളിയൂർ സുരേഷ്, ടി. രാജേന്ദ്രൻ, ആർ. ജയകുമാർ, അജിത്ത് വെണ്ണിയൂർ, രമേശ് ബാബു, പി.വൈ. അനിൽകുമാർ, ടി.എ. ചന്ദ്രമോഹൻ, കെ.സി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.