തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് സമനില തെറ്റിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഴിമതി നടന്നെന്ന് മേയയറുൾപ്പടെ സമ്മതിച്ചതാണ്. എന്നാൽ ഇപ്പോൾ സി.പി.എം വീടുകൾതോറും അഴിമതി നടന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്യുന്നത് ഇതിന് തെളിവാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന മൗനം ദുരൂഹമാണ്. ഇടപെട്ടാൽ സർക്കാരും പാർട്ടിയും പ്രതിസന്ധിയിലാകുമെന്ന് വ്യക്തമായി അറിവുന്നതുകൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും വിഷയം അറിഞ്ഞതായിപ്പോലും നടിക്കാത്തത്.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ 9ന് പരിഗണിക്കാനിരിക്കുന്നതിനാൽ അതുവരെയുള്ള സമയംകൊണ്ട് തെളിവുകൾ നശിപ്പിക്കാൻ സി.പി.എം കഠിനപ്രയത്നം നടത്തുന്നു. ഇതിന് പൊലീസ് ഒത്താശ ചെയ്യുന്നു. കഴിഞ്ഞദിവസം നേമം, തിരുവല്ലം സോണൽ ഓഫീസിൽ ഇതിനുള്ള ശ്രമങ്ങൾ നടന്നുവെന്നും രാജേഷ് ആരോപിച്ചു. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് വർക്കല നഗരസഭയിൽ രാപ്പകൽ സമരം നടത്തും. പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയിൽപ്പെട്ട നികുതി ഇല്ലാത്ത വീടുകളിൽ നിന്ന് ആയിരക്കണക്കിന് രൂപ നികുതി ഇനത്തിൽ ഈടാക്കിയതായി കണ്ടതിനെ തുടർന്നാണ് സമരമെന്നും രാജേഷ് പറഞ്ഞു.

സമരം തുടരുന്നു

നികുതി തട്ടിപ്പിനെതിരെ കോർപറേഷനിൽ ബി.ജെ.പിയുടെ രാപകൽ സമരം 26ാം ദിവസത്തിലേക്ക് കടന്നു. ആറുദിവസമായി കൗൺസിലർമാർ നിരാഹാരത്തിലാണ്. ആരോഗ്യസ്ഥിതി മോശമായതിനാൽ നിരാഹാരമനുഷ്ഠിച്ചിരുന്ന രണ്ടുപേരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്തിനെയും കാലടി കൗൺസിൽ വി. ശിവകുമാറിനെയുമാണ് പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. അഴിമിതിക്ക് തുടക്കമിട്ട നേമം സോണലിലെ സൂപ്രണ്ട് ശാന്തിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഇന്നലെ രാത്രിയിൽ നേമം പൊലീസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.